വലിയ പണച്ചെലവില്ലാതെ തന്നെ കൃഷി ചെയ്യാവുന്ന ഒന്നാണ് പേര. കുറച്ച് സ്ഥലം മാത്രം മതിയാകും ഈ കൃഷിക്ക്.
ഉഷ്ണമേഖലാ പ്രദേശത്താണ് പേരമരം സുലഭമായി വളരുന്നത്. കാര്യമായ വളപ്രയോഗമില്ലാതെ തന്നെ ഫലം നൽകുന്നുവെന്നതാണ് പേരമരത്തിന്റെ പ്രധാന ആകർഷണീയത. നന്നായി വളം ചെയ്യുകയും വേനലിൽ നനയ്ക്കുകയും നല്ല സൂര്യപ്രകാശം ലഭിക്കുകയും ചെയ്താൽ വിളവ് പതിന്മടങ്ങ് വർധിക്കും. മൂന്നര വർഷം മുതൽ നാല് വർഷത്തിനുള്ളിൽ പുഷ്പിക്കാൻ തുടങ്ങുന്നവയാണ് പേര.
വിത്ത് മുളപ്പിച്ചാണ് പേര കൃഷി ചെയ്യുന്നത്. അതുപോലെ പതിവെയ്ക്കൽ വഴിയും മികച്ച തൈകൾ ഉണ്ടാക്കിയെടുക്കുന്നുണ്ട്. ഇതിലൂടെ മൂന്നാഴ്ച കൊണ്ട് തൈകൾ ഉണ്ടാക്കുവാൻ കഴിയും. കുഴികളെടുക്കുമ്പോൾ ചാണകവും മേൽമണ്ണും മണലും നിറയ്ക്കണം. നട്ടശേഷം പുതവയ്ക്കുന്നത് നല്ലതാണ്. അതുപോലെ, തൈകൾ നടുന്നതിന് നല്ല സമയം ജൂൺ - ജൂലായ് മാസങ്ങളാണ്. വേനൽക്കാലമാണെങ്കിൽ നന്നായി നനച്ചു കൊടുക്കണം. വെയിൽ കിട്ടുന്ന പ്രദേശത്ത് നടുകയാണെങ്കിൽ വളരുമ്പോൾ ആവശ്യത്തിന് തണൽ ലഭ്യമാക്കാനും പേരയ്ക്ക് കഴിയും.
വളർച്ചയെത്തിയ ചെടിക്ക് പത്തു കിലോഗ്രാം കാലിവളത്തോടൊപ്പം ഒരു കിലോഗ്രാം അമോണിയം സൾഫേറ്റോ, കാത്സ്യം നൈട്രേറ്റോ കൂടി ഇടണം. ഇത് രണ്ടു മൂന്ന് ഘട്ടങ്ങളായി വേണം പ്രയോഗിക്കാൻ. വളപ്രയോഗം നടത്തുമ്പോൾ മണ്ണിൽ നനവുണ്ടായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മിതമായ രീതിയിൽ മഴ ലഭിക്കുന്ന സ്ഥലത്താണ് പേരയ്ക്ക നന്നായി വളരുന്നത്. എല്ലാ മണ്ണിലും നന്നായി വളരുന്ന പേരയ്ക്ക വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ പശിമയുള്ള മണ്ണാണ് നല്ലത്.
മഴക്കാലത്ത് പഴങ്ങൾ ചീയുന്നതിനുള്ള സാദ്ധ്യത കൂടുതലാണ്. ആ സമയത്ത് ഡൈത്തോൺ തളിക്കുന്നത് ചീയാനുള്ള സാദ്ധ്യത കുറയ്ക്കുന്നു. കായീച്ചകളുടെ ശല്യമാണ് മറ്റൊരു പ്രശ്നം. ഇത് തടയാൻ കായ്കൾ വളർച്ചയെത്തുന്നതിനു മുമ്പ് കാർബാറിൽ പ്രയോഗിക്കാം. ഫെബ്രുവരി, ജൂൺ, ഒക്ടോബർ മാസങ്ങളിലാണ് പൊതുവേ പേര പുഷ്പിക്കുന്നത്. പേരമരത്തിന് സാധാരണ ഗതിയിൽ 30 വർഷം മുതൽ 50 വർഷം വരെ ആയുസുണ്ട്. പഴുത്താൽ ചിലയിനത്തിന് അകം നേരിയ മഞ്ഞ നിറവും ചിലത് നേരിയ ചുവപ്പ് നിറവുമാണ്.