ഫേസ്‍ബുക്കിലുള്ളവരുടെ അക്കൗണ്ട് വിവരങ്ങൾ വീണ്ടും ചോർന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള 41.9 കോടി ഫേസ്ബുക്ക് യൂസേഴ്സിന്റെ അക്കൗണ്ട് വിവരണങ്ങളാണ് പുറത്തായത്.അമേരിക്കയിൽ നിന്നുമുള്ള 13.3 കോടി ഫേസ്ബുക്ക് യൂസർമാരുടേയും ബ്രിട്ടനിലെ 1.8 കോടി പേരുടേയും വിയറ്റ്‌നാമിലെ 5 കോടി പ്രൊഫൈലുകളുടേയും ഫോൺനമ്പറുകളും പരസ്യമായെന്നാണ് റിപ്പോർട്ട്.
'ടെക് ക്രഞ്ച്' എന്ന അമേരിക്കൻ ഓൺലൈൻ മാസികയാണ് ഈ വിവരം പുറത്ത് വിട്ടത്.എന്നാൽ ഇത്തരത്തിൽ ചോർന്ന വിവരങ്ങളുടെ കൂട്ടത്തിൽ ഇന്ത്യക്കാരുടെ വിവരങ്ങൾ ഇല്ലെന്നും ഓൺലൈൻ മാസിക പറയുന്നു. 2018ൽ ഉണ്ടായ കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം ഫേസ്ബുക്കിന്റെ ഉടമ മാർക്ക് സക്കർബർഗിന്റെയും വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തിയിയതിന് പിന്നാലെയാണ് വീണ്ടും വിവര ചോർച്ച ഉണ്ടാകുന്നത്.
5.6 ലക്ഷം ഇന്ത്യൻ ഉപഭോക്താക്കളുടെ വിവരങ്ങൾ കേംബ്രിഡ്ജ് അനലിറ്റിക്ക ചോർത്തിയെന്ന് ഫേസ്ബുക്ക് പരസ്യമായി സമ്മതിച്ചത് വൻ വിവാദത്തിന് തിരികൊളുത്തിയിരുന്നു. വിവരശേഖരണം (ഡാറ്റാ മൈനിങ്), കൈമാറൽ, വിശകലനം എന്നിവ മാനേജ് ചെയ്യുന്ന ഒരു ബ്രിട്ടീഷ് കൺസൾട്ടിങ് കമ്പനിയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക.
ലോകത്താകമാനം 8.7 കോടി ആളുകളുടെ വിവരങ്ങൾ ഈ കമ്പനി ചോർത്തിയെന്നതാണ് ഫേസ്ബുക്ക് പുറത്തുവിട്ട വിവരം. മൂന്ന് കോടി ആളുകളുടെ വിവരങ്ങൾ തങ്ങൾ ശേഖരിച്ചെന്നും അവ നശിപ്പിച്ചെന്നും കേംബ്രിഡ്ജ് അനലിറ്റിക്കയുടെ അവകാശപ്പെട്ടിരുന്നു.