കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ മുൻ പി.ഡബ്ള്യു.ഡി സെക്രട്ടറി ടി. ഒ സൂരജ് ഉൾപ്പെടെയുള്ള നാല് പ്രതികളെ റിമാൻഡ് ചെയ്തു. ഇവരെ ഈ മാസം 19 വരെയാണ് വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. പ്രതികളുടെ ജാമ്യാപേക്ഷ നാളെ മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണിക്കും. സൂരജിനു പുറമെ, കിറ്റ്‌കോ ജനറൽ മാനേജർ ബെന്നി പോൾ, പാലം നിർമിച്ച ആർ.ഡി.എസ് കമ്പനിയുടെ മാനേജിങ് ഡയറക്‌ടർ സുമിത് ഗോയൽ, ആർ.ബി.ഡി.സി.കെ അസിസ്റ്റന്റ് മാനേജർ പി.ഡി തങ്കച്ചൻ എന്നിവരെയും കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.
പ്രതികളെ മൂവ്വാറ്റുപുഴ സബ്ജയിലിലേക്ക് അയച്ചിട്ടുണ്ട്. ജസ്റ്റിസ് കലാം പാഷയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുർവിനിയോഗം തുടങ്ങിയ കുറ്റങ്ങളാണ് നാല് പ്രതികൾക്കുമെതിരെ വിജിലൻസ് ചുമത്തിയിരിക്കുന്നത്. കരാറുകാരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ കേസിലെ മറ്റ് പ്രതികളാണ്. കേസിൽ ആകെ 17 പ്രതികളാണുള്ളത്. വിഷയവുമായി ബന്ധപ്പെട്ട് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞിനെയും വിജിലൻസ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. കേസന്വേഷണം പ്രതികളുടെ സാമ്പത്തിക ഇടപാടുകളിലേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് വിജിലൻസ്.