വ്ളാഡിവോസ്‌റ്റോക്ക്:റഷ്യയുടെ പ്രകൃതി വിഭവ സമ്പന്നമായ കിഴക്കൻ മേഖലയുടെ വികസനത്തിന് ഇന്ത്യ 100 കോടി ഡോളർ ( 7.000 കോടിരൂപ ) വായ്പ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പൂർവേഷ്യൻ രാജ്യങ്ങളുടെ വികസനത്തിന്
സാമ്പത്തിക സഹായം നൽകുന്ന ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ് " നയത്തിന്റെ ഭാഗമായാണ് ഈ വാഗ്ദാനം.
കിഴക്കൻ റഷ്യയിലെ തുറമുഖ നഗരമായ വ്ളാഡിവോസ്‌റ്റോക്കിൽ ഫാർ ഈസ്റ്റേൺ എക്കണോമിക് ഫോറത്തിന്റെ ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം. റഷ്യയുടെ കിഴക്കൻ മേഖല സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ഈ മേഖലയിലെ വികസനത്തിന് റഷ്യയ്ക്കൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുമെന്നും മോദി പറഞ്ഞു.
ഉച്ചകോടിക്കിടെ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ, മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ്, മംഗോളിയൻ പ്രസിഡന്റ് ഖാൽത്ത്മാഗിൻ ബട്ടുൽഗ എന്നിവരുമായും മോദി ചർച്ച നടത്തി. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് മലേഷ്യയിലേക്ക് കടന്ന വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ കൈമാറാൻ നടപടികൾ എടുക്കണമെന്ന് മോദി മഹാതീർ മുഹമ്മദിനോട് അഭ്യർത്ഥിച്ചു. സാമ്പത്തിക, പ്രതിരോധ, സുരക്ഷാ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഷിൻസോ ആബേയുമായുള്ള ചർച്ചയിൽ തീരുമാനിച്ചു.
സുഹൃദ് രാജ്യങ്ങളിലെ വിവിധ പ്രദേശങ്ങളുടെ വികസനത്തിൽ ഇന്ത്യ സജീവ പങ്കാളിത്തം വഹിക്കുമെന്ന് ഉകോടിയിൽ മോദി പറഞ്ഞു. സബ്കാ സാത് സബ്കാ വികാസ് എന്ന മുദ്രാവാക്യത്തിൽ ഞങ്ങൾ പുതിയ ഇന്ത്യ നിർമ്മിച്ചെടുക്കുകയാണ്. അഞ്ച് ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്ഘടനയെന്ന നേട്ടം 2024 ഓടെ ഇന്ത്യ കൈവരിക്കും - മോദി പറഞ്ഞു.
റഷ്യയുടെ കിഴക്കേയറ്റത്തുള്ള മേഖലയിലെ വ്യവസായ, നിക്ഷേപ അവസരങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സമ്മേളനമാണ് ഈസ്റ്റേൺ ഇക്കണോമിക് ഫോറം.