ലണ്ടൻ: ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് പാർലമെന്റിൽ തുടർച്ചയായ തോൽവി. പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഒഫ് കോമൺസിന് പിന്നാലെ ഉപരിസഭയായ ഹൗസ് ഒഫ് ലോർഡ്സും ബോറിസ് ജോൺസന്റെ ബിൽ തള്ളി. കരാറില്ലാത്ത ബ്രെകിസ്റ്റും (നോ ഡീൽ) ഒക്ടോബർ 15ന് പൊതുതിരഞ്ഞെടുപ്പിനുള്ള നീക്കവും പാർലമെന്റ് വോട്ടിനിട്ട് തള്ളി.
രണ്ട് ദിവസത്തിനുള്ളിലെ ബോറിസ് ജോൺസന്റെ മൂന്നാം തോൽവിയാണിത്. പൊതു തിരഞ്ഞെടുപ്പ് നടത്താനായി പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയെടുക്കാൻ ബോറിസ് ജോൺസന്റെ കൺസർവേറ്റിവ് പാർട്ടിക്ക് കഴിഞ്ഞില്ല. വോട്ടെടുപ്പിൽ സർക്കാരിനു 298 അംഗങ്ങളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.
വ്യാഴാഴ്ച പുലർച്ചെ 1.30നാണ് ഹൗസ് ഒഫ് ലോർഡ്സ്, ബോറിസ് ജോൺസണിന്റെ ബിൽ തള്ളിയത്. പ്രതിപക്ഷ എം.പിമാരും വിമത കൺസർവേറ്റീവ് എം.പിമാരും ചേർന്നാണ് പ്രധാനമന്ത്രിയുടെ ബില്ലിനെ പരാജയപ്പെടുത്തിയത്. ഇന്ന് വൈകിട്ട് അഞ്ചിന് ബിൽ വീണ്ടും ഹൗസ് ഒഫ് കോമൺസിന്റെ പരിഗണനയ്ക്ക് വരും. കരാറില്ലാതെ ബ്രക്സിറ്റ് വിടാനുള്ള നീക്കം തടയുന്നതിനുള്ള പ്രതിപക്ഷ പ്രമേയം നേരത്തെ പാസായിരുന്നു. ഇതോടെ നോ ബ്രെക്സിറ്റ് ഡീൽ എളുപ്പത്തിൽ പാസാക്കിയെടുക്കാനുള്ള ബോറിസ് ജോൺസണിന്റെ ശ്രമം പരാജയപ്പെട്ടു. ബില്ലിന് അംഗീകാരം ലഭിക്കാതെ തിരഞ്ഞെടുപ്പ് നടത്താൻ പ്രധാനമന്ത്രിയെ അനുവദിക്കില്ല എന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പറഞ്ഞു.
വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനുശേഷം എം.പിമാർക്ക് മുന്നിൽ വച്ച് പ്രതിപക്ഷ നേതാവായ ജെറമി കോർബിനെതിരെ രൂക്ഷവിമർശനവുമായാണ് ജോൺസൺ രംഗത്തെത്തിയത്. പൊതുതിരഞ്ഞെടുപ്പിനുള്ള ക്ഷണം വേണ്ടെന്ന് വയ്ക്കുന്ന രാജ്യത്തെ ആദ്യപ്രതിപക്ഷ നേതാവായിരിക്കും കോർബിൻ എന്നാണ് പ്രധാനമന്ത്രി പരിഹസിച്ചത്. അതേസമയം, സെപ്തംബർ 9 മുതൽ ഒക്ടോബർ 14 വരെ പാർലമെന്റ് പിരിച്ചുവിടാൻ ഉത്തരവിട്ടിരിക്കുകയാണ് ബോറിസ് ജോൺസൺ. ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപടികൾ പൂർത്തിയാക്കുമെന്നാണ് ജോൺസൺ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ധാരണപ്രകാരം ഒക്ടോബർ 31നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടേണ്ടത്.
ബ്രക്സിറ്റ്
യൂറോപ്യൻ യൂണിയനിൽ നിന്ന് യു.കെ സ്വതന്ത്രമാകുന്നതിനെ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് ബ്രെക്സിറ്റ്. 2016 ജൂൺ 23ന് ബ്രിട്ടണിൽ ഒരു ഹിത പരിശോധന നടന്നു. 48.1ശതമാനം നോ വോട്ടുകൾക്കെതിരെ 51.9ശതമാനം യെസ് വോട്ടുകൾ ബ്രെക്സിറ്റിന് അനുകൂല സാഹചര്യമൊരുക്കി. ഇംഗ്ലണ്ട്, വെയിൽസ് എന്നീ മേഖലകൾ ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ സ്കോട്ട്ലാൻഡ്, അയർലാൻഡ് എന്നീ രാജ്യങ്ങൾ ബ്രെക്സിറ്റിനെ എതിർത്തു.