കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോസ് ടോമിന് രണ്ടില ചിഹ്നം നൽകില്ല. കേരള കോൺഗ്രസ് (എം) മുതിർന്ന നേതാവും വർക്കിംഗ് ചെയർമാനുമായ പി.ജെ. ജോസഫിന്റെ വാദം അംഗീകരിച്ചുകൊണ്ട് കളക്ടർ തീരുമാനം പുറത്തുവിട്ടു. അതേസമയം, സ്വതന്ത്രസ്ഥാനാർത്ഥിയായി നൽകിയ പത്രിക സ്വീകരിച്ചു. കേരള കോൺഗ്രസ് (എം) എന്ന നിലയിൽ നൽകിയ പത്രികയാണ് തള്ളിയത്. വിമതൻ ജോസ് കണ്ടത്തിൽ നൽകിയ പത്രിക പിൻവലിച്ചിട്ടുണ്ട്.
എന്നാൽ, ഏത് ചിഹ്നത്തിലും മത്സരിക്കുമെന്ന് ജോസ് ടോം വ്യക്തമാക്കി. രണ്ടില ചിഹ്നം ലഭിക്കാത്തതിൽ വിഷമമില്ലെന്നും തന്റെ ചിഹ്നം മാണി സാറിന്റെ മുഖമാണെന്ന് ജോസ് ടോം വ്യക്തമാക്കി. അതേസമയം, രണ്ടില ചിഹ്നം ലഭിക്കാത്തതിൽ ഒരു വിഷമവുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജോസ് ടോമിന്റെ പാർട്ടി പത്രിക തള്ളിയ നടപടി സാങ്കേതികപ്രശ്നം മാത്രമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വ്യക്തമാക്കി. യു.ഡി.എഫ് മണ്ഡലം നിലനിറുത്തുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
അതേസമയം, യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം തന്നെയെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ വ്യക്തമാക്കി. ആശങ്കയില്ലെന്നും യു.ഡി.എഫ് കൺവൻഷനിൽ പി.ജെ.ജോസഫ് പങ്കെടുക്കുമെന്നും ബെന്നി ബഹനാൻ പറഞ്ഞു. ചെന്നിത്തലയുമായും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായുള്ള ചർച്ചയ്ക്കുശേഷമാണ് യു.ഡി.എഫ് കൺവീനറുടെ പ്രതികരണം.
ഇതോടെ പാലാ മണ്ഡലത്തിൽ രണ്ടില ചിഹ്നത്തിൽ കേരളാ കോൺഗ്രസിന് സ്ഥാനാർത്ഥിയില്ലാതായി. കേരളാ കോൺഗ്രസിന്റെ വർക്കിംഗ് ചെയർമാൻ എന്ന നിലയിൽ പി.ജെ ജോസഫ് രണ്ടില ചിഹ്നം അനുവദിച്ചിട്ടില്ല. അതുകൊണ്ട് കേരളാ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.