കോഴിക്കോട്: മുസ്ലിം ലീഗിൽ നേതൃമാറ്റം വേണമെന്ന ആവശ്യവുമായി യൂത്ത് ലീഗിന്റെ പ്രമേയം. പാർട്ടിയിലെ മുതിർന്ന നേതാക്കളെ ലക്ഷ്യമാക്കി രണ്ട് തവണയിൽ കൂടുതൽ ഒരാൾക്കും പാർലമെന്റ് സ്ഥാനങ്ങൾ നൽകരുതെന്നും പാർട്ടി നേതാക്കൾക്ക് ഒത്തുതീർപ്പ് രാഷ്ട്രീയമാണ് ഉള്ളതെന്നും യൂത്ത് ലീഗ് പ്രമേയത്തിൽ പറഞ്ഞു പ്രമേയത്തിൽ വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പുകളിൽ 50 ശതമാനം സീറ്റുകൾ യുവാക്കൾക്ക് നൽകണമെന്നും യൂത്ത് ലീഗ് പ്രതിനിധികൾ പറഞ്ഞു. പാർട്ടി നേതൃത്വത്തിൽ അഴിച്ചുപണി നടത്തേണ്ടുന്നതിന്റെ ആവശ്യകത ഉണ്ടെന്നും യൂത്ത് ലീഗ് പ്രവർത്തകർ മുസ്ലിം ലീഗിനെ ബോധിപ്പിച്ചിട്ടുണ്ട്. യൂത്ത് ലീജിന്റെ പ്രമേയം സംസ്ഥാന കൗൺസിൽ ഏകകണ്ഠമായി പാസാക്കിയിട്ടുണ്ട്.
നേതൃത്വത്തിന്റെ വീഴ്ചയെ ചൊല്ലി മുസ്‌ലിം ലീഗ് നേതൃയോഗത്തിൽ കടുത്ത തർക്കം നടന്നിരുന്നു. കോഴിക്കോട്ട് നടന്ന ലീഗ് അഖിലേന്ത്യാ ഭാരവാഹികളുടെയും പാർലമെന്ററി പാർട്ടിയുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ച് കെ.എം ഷാജി എം.എൽ.എയും സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയും രംഗത്തെത്തിയിരുന്നു. മുത്തലാഖ്, അസം പൗരത്വ വിഷയം, കശ്മീർ എന്നീ വിഷയങ്ങളിൽ പാർട്ടിയുടെ മൂന്ന് എം.പിമാരുടെയും പ്രകടനം മികച്ചതല്ലെന്ന് യോഗത്തിൽ വിമർശനമുയർന്നു.