കൊച്ചി: കപ്പലുകൾ ഉപയോഗിക്കുന്ന ഇന്ധനം ഉന്നത നിലവാരത്തിലേക്ക് മാറ്റണമെന്ന ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ (ഐ.എം.ഒ) ചട്ടം നടപ്പാക്കാൻ ഇന്ത്യ സാവകാശം തേടിയേക്കും. നിലവിൽ സൾഫറിന്റെ അംശം 3.50 ശതമാനം എം/എം (മാസ് ബൈ മാസ്) ഉള്ള ഹെവി ഫ്യുവൽ ഓയിൽ (എച്ച്.എഫ്.ഒ) ആണ് കപ്പലുകൾ ഉപയോഗിക്കുന്നത്.
ഈ ഇന്ധനം കടുത്ത അന്തരീക്ഷ മലിനീകരണമാണ് സൃഷ്ടിക്കുന്നതെന്നതിനാൽ, 2020 ജനുവരി ഒന്നുമുതൽ ഇന്ധനത്തിൽ 0.50 ശതമാനം എം/എമ്മിൽ കൂടുതൽ സൾഫർ ഉണ്ടാകരുത് എന്നാണ് ഐ.എം.ഒയുടെ ചട്ടം പറയുന്നത്. മലിനീകരണം അതിരൂക്ഷമായ പ്രദേശങ്ങളിൽ പരമാവധി 0.10 ശതമാനം എം/എം സൾഫർ മാത്രം മതിയെന്നും ഐ.എം.ഒ നിർദേശിച്ചിട്ടുണ്ട്. ഷിപ്പിംഗ് കമ്പനികൾക്ക് കനത്ത തിരിച്ചടിയാണ് ഐ.എം.ഒയുടെ നിർദേശം.
സൾഫർ അംശം കുറഞ്ഞ ഇന്ധനത്തിലേക്ക് മാറുമ്പോൾ 25 മുതൽ 40 ശതമാനം വരെ വില വർദ്ധനയുണ്ടാകുമെന്ന് കമ്പനികൾ പറയുന്നു. സൾഫർ അംശം കുറഞ്ഞ എച്ച്.എഫ്.ഒയോ ചെലവ് കുറഞ്ഞ മറ്റേതെങ്കിലും ഇന്ധനമോ ഉപയോഗിക്കണമെങ്കിൽ എൻജിൻ സാങ്കേതിക വിദ്യ തന്നെ മാറ്റണം. ഇത് വലിയ സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കും. ചട്ടം നടപ്പാക്കാൻ ഏതാനും മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നതെന്നതിനാൽ സാങ്കേതികവിദ്യ മാറ്റുക പ്രായോഗികമല്ലെന്നും കമ്പനികൾ വാദിക്കുന്നു.
അതേസമയം, ഇന്ധനമാറ്റം സംബന്ധിച്ച് കേന്ദ്രസർക്കാർ ഇതുവരെ നിർദേശം പുറപ്പെടുവിച്ചിട്ടില്ലെന്ന് കൊച്ചി തുറമുഖ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.എം. ബീന 'കേരളകൗമുദി"യോട് പറഞ്ഞു. ചട്ടം നടപ്പാക്കാൻ ഇന്ത്യ ഐ.എം.ഒയോട് സാവകാശം തേടുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. ഐ.എം.ഒയുടെ ചട്ടം സൾഫറിന്റെ അംശം 3.50 ശതമാനം എം/എം വരെയുള്ള ഹെവി ഫ്യുവൽ ഓയിൽ (എച്ച്.എഫ്.ഒ) ആണ് കപ്പലുകൾ ഉപയോഗിക്കുന്നത്.
2020 ജനുവരി ഒന്നു മുതൽ സൾഫറിന്റെ അംശം 0.50 ശതമാനം എം/എമ്മിൽ കൂടരുതെന്നാണ് ഐ.എം.ഒയുടെ നിർദേശം. 40% ഐ.എം.ഒയുടെ നിർദേശാനുസരണം സൾഫർ അംശം കുറഞ്ഞ ഇന്ധനത്തിലേക്ക് മാറുമ്പോൾ, കപ്പലുകളുടെ ഇന്ധന ചെലവ് 40 ശതമാനം വരെ വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.
എൽ.എൻ.ജിയിലേക്ക് മാറാം ഐ.എം.ഒ അനുശാസിക്കുന്ന മാനദണ്ഡത്തേക്കാൾ കുറവാണ് എൽ.എൻ.ജിയിൽ സൾഫറിന്റെ അംശമെന്നും കപ്പലുകൾക്ക് ഈ ഇന്ധനത്തിലേക്ക് മാറാനാകുമെന്നും പെട്രോനെറ്ര് എൽ.എൻ.ജി അധികൃതർ പറഞ്ഞു. നിലവിൽ ഉപയോഗിക്കുന്ന എച്ച്.എഫ്.ഒയിൽ നിന്ന് എൽ.എൻ.ജിയിലേക്ക് മാറണമെങ്കിൽ എൻജിൻ പരിഷ്കാരം വേണ്ടിവരും.