mank

ഗുണ്ടൂർ: അമ്മയായതിന്റെ ഇരട്ടിമധുരം നുകരാൻ ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശി എരമാട്ടി മങ്കയമ്മ കാത്തിരുന്നത് 57 വർഷം. 74-ാമത്തെ വയസിലാണ് മങ്കയമ്മ ഇരട്ടക്കുട്ടികളുടെ അമ്മയായത്. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും പ്രായംകൂടിയ അമ്മയെന്ന പദവിയും ഇനി മങ്കയമ്മയ്ക്ക് സ്വന്തം. 2016ൽ 70-ാം വയസിൽ അമ്മയായ പഞ്ചാബ് സ്വദേശി ദൽജിന്ദേർ കൗർ ആയിരുന്നു ഇക്കാര്യത്തിലെ മുൻ റെക്കാഡുകാരി.

ഐ.വി.എഫ് ചികിത്സയിലൂടെയാണ് മങ്കയമ്മയ്ക്കും ഭർത്താവായ എൺപതുകാരൻ ഇ.രാജ റാവുവിനും കുട്ടികളുണ്ടായത്. കോതാപേട്ടിലുള്ള അതുല്യ നഴ്‌സിംഗ് ഹോമിൽ വച്ചാണ് നാലു ഡോക്ടർമാർ അടങ്ങുന്ന സംഘം ശസ്ത്രക്രിയയിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുത്തത്. അമ്മയും മക്കളും സുഖമായിരിക്കുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. സനകയ്യാല ഉമാശങ്കർ പറഞ്ഞു. തന്റെ അയൽക്കാരി 55ാം വയസിൽ ഐ.വി.എഫ് ചികിത്സയിലൂടെ ഗർഭധാരണം നടത്തിയത് അറിഞ്ഞതോടെയാണ് മങ്കമ്മയും ആശുപത്രിയിൽ എത്തിയത്. 25 വർഷം മുമ്പ് ആർത്തവവിരാമം സംഭവിച്ചിരുന്നുവെങ്കിലും മങ്കമ്മ തോറ്റ് മടങ്ങാൻ തയ്യാറായിരുന്നില്ല. പൂർണ ആരോഗ്യവതിയായിരുന്നതിനാൽ ഗർഭധാരണത്തിന് മറ്റ് തടസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഐ.വി.എഫിന്റെ ആദ്യ ഘട്ടത്തിൽ തന്നെ മങ്കയമ്മ ഗർഭം ധരിച്ചുവെന്നും ആരോഗ്യനില സ്ഥിരമായി നിരീക്ഷിക്കാൻ മൂന്നു ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിരുന്നെന്നും ഡോ. ഉമാശങ്കർ പറഞ്ഞു. മങ്കയമ്മയുടെ പ്രായം കണക്കിലെടുത്താണ് സിസേറിയൻ നടത്തിയതെന്നും ഉമാശങ്കർ കൂട്ടിച്ചേർത്തു. ഗർഭധാരണത്തിന്റെ എട്ടാം മാസത്തിൽ നടത്തുന്ന ആചാരമായ സീമന്തം നടത്തണമെന്ന് ഇരുവരും ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും കുറച്ച് നാൾ കാത്തിരിക്കാൻ ഡോക‌്ടർമാർ നിർദ്ദേശിച്ചിരുന്നു. ഒടുവിൽ പ്രസവത്തിന്റെ ഏതാനും മണിക്കൂറുകൾക്കു മുമ്പ് ആശുപത്രി ജീവനക്കാരും ബന്ധുക്കളും ചേർന്ന് മങ്കയമ്മയ്ക്കും ഭർത്താവിനുമൊപ്പം സീമന്തം ആഘോഷിക്കുകയും ചെയ്തു.