മഹോബ: ഹിന്ദു മതവിഭാഗത്തിൽ പെട്ടവർക്ക് 'നോൺ വെജിറ്റേറിയൻ' ബിരിയാണി വിളമ്പി എന്ന കുറ്റത്തിന് 43 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഉത്തർ പ്രദേശിലെ മഹോബ ജില്ലയിൽ ആഗസ്റ്റ് 31നാണ് കേട്ടുകേൾവിയില്ലാത്ത ഈ സംഭവം അരങ്ങേറിയത്. പ്രശസ്തമായ 'ഉർസ്' ഉത്‌സവത്തിന്റെ ഭാഗമായ ഒരു സമൂഹ സദ്യയിൽ എത്തിയവർക്ക് സംഘാടർ ബിരിയാണി വിളമ്പി. ഇവിടേക്ക് എത്തിച്ചേർന്നവരിൽ വിവിധ ജാതി, മത വിഭാഗത്തിൽ പെട്ടവർ ഉണ്ടായിരുന്നു.
ഷെയ്ഖ് പീർ ബാബ എന്ന ദിവ്യന്റെ പേരിലുള്ള സദ്യയാണ് ജില്ലയിലെ സാലത്ത് ഗ്രാമത്തിൽ നടന്നത്. പരിപാടികൾ അവസാനിച്ച് രണ്ട് ദിവസം കഴിഞ്ഞ് സ്ഥലത്തെ ബി.ജെ.പി എം.എൽ.എ ബ്രിജ്ഭൂഷൺ രാജ്പൂത്ത് ഇവിടേക്ക് എത്തിച്ചേർന്നതോടെയാണ് 'ബിരിയാണി വിഷയം' വിവാദമായത്. സദ്യയ്ക്ക് എത്തിയിരുന്ന ഏതാനും പേർ മാംസം ചേർന്ന ബിരിയാണി തങ്ങൾക്ക് വിളമ്പിയ കാര്യം എം.എൽ.എയെ അറിയിച്ചു.
തുടർന്ന് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് സദ്യ വിളമ്പിയവർക്കെതിരെ ഉത്തർ പ്രദേശ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഹിന്ദുക്കൾക്ക് ബിരിയാണി വിളമ്പിയത് അവരുടെ മതവിശാസത്തെ വ്രണപ്പെടുത്താനാണെന്നാണ് എം.എൽ.എ പറയുന്നത്. എന്നാൽ അബദ്ധത്തിലാണ് ബിരിയാണി വിളമ്പിയത് എന്ന് ജില്ലയിലെ പൊലീസ് എസ്.പി സ്വാമിനാഥും പറയുന്നു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.