ചെന്നൈ: കഴിഞ്ഞ സാമ്പത്തിക വർഷം (2018-19) എൽ.ഐ.സി 1.63 ലക്ഷം കോടി രൂപയുടെ ക്ളെയിമുകൾ തീർപ്പാക്കി. മരണാനന്തര ക്ളെയിമിൽ 98.2 ശതമാനവും മെച്യൂരിറ്റി ക്ളെയിമിൽ 92.9 ശതമാനവുമാണ് തീർപ്പാക്കിയതെന്ന് എൽ.ഐ.സിയുടെ 63-ാം വാർഷികം പ്രമാണിച്ച് ചെന്നൈയിൽ നടത്തിയ പത്രസമ്മേളനത്തിൽ സോണൽ മാനേജർ കെ. കതിരേശൻ പറഞ്ഞു.
4,151.78 കോടി രൂപയുടെ ക്ളെയിമുകൾ തീർപ്പാക്കി, എൽ.ഐ.സിയുടെ രാജ്യത്തെ എട്ട് സോണുകളിൽ മുന്നിലെത്തിയത് സൗത്ത് സോണാണ്. 2.8 കോടി പോളിസി ഉടമകളാണ് സൗത്ത് സോണിലുള്ളത്. 7.6 ലക്ഷം ക്ളെയിമുകളാണ് കഴിഞ്ഞവർഷം ഇവിടെ തീർപ്പാക്കിയത്. കേരളത്തിലും തമഴ്‌നാട്ടിലുമായി പുതിയ 18.5 ലക്ഷം പോളിസികളാണ് കമ്പനി നൽകിയത്. പെൻഷൻ പോളിസി മാത്രം 40 ശതമാനം വർദ്ധിച്ചു.
ബാങ്കുകൾ പലിശനിരക്ക് കുറയ്‌ക്കുകയാണെങ്കിലും, പോളിസി ഉടമകൾക്ക് നൽകുന്ന ബോണസ് ഇതുവരെ എൽ.ഐ.സി കുറച്ചിട്ടില്ല. നിലവിലെ സാമ്പത്തിക ഞെരുക്കം എൽ.ഐ.സിയെ ബാധിച്ചിട്ടില്ല. പോളിസി ഉടമകളെ നേരിട്ട് നന്ദി അറിയിക്കാനായി 'റിലേഷൻഷിപ്പ് എക്‌സ്‌റ്റൻഷൻ പദ്ധതി"ക്കും എൽ.ഐ.സി തുടക്കമിട്ടുവെന്ന് അദ്ദേഹം പറഞ്ഞു.