p-chidambaram

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയാ കേസിൽ മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രത്യേക സി.ബി.ഐ കോടതിയാണ് ചിദംബരത്തെ ജൂഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇതോടെ അദ്ദേഹം തിഹാർ ജയിലിൽ കഴിയേണ്ടി വരും.

സെപ്തംബർ 19 വരെയാണ് ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. അദ്ദേഹത്തിന്റെ ആരോഗ്യ നിലയും മുൻധനമന്ത്രി എന്ന പരിഗണനയും വെച്ച് പ്രത്യേക സൗകര്യങ്ങൾ ഒരുക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ കപിൽ സിബൽ ആവശ്യപ്പെട്ടു. പ്രത്യേക സുരക്ഷയും, മരുന്നുകളും നൽകണമെന്നും പ്രത്യേക സെല്ലും കിടക്കയും വെസ്‌റ്റേൺ ടോയ്‌ലറ്റും അനുവദിക്കണമെന്നും സിബൽ ആവശ്യപ്പെട്ടു. കോടതി ഈ ആവശ്യങ്ങൾ അംഗീകരിച്ചു.

നേരത്തേ എയർസെല്‍ മാക്‌സിസ് കേസിൽ ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും സി.ബി.ഐ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിലെ അന്വേഷണം അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്നതിൽ കൃത്യമായ വിശദീകരണം നൽകാൻ അന്വേഷണ ഏജൻസികൾക്ക് ആയില്ലെന്നും, ജാമ്യം നൽകിയാൽ പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ ഉള്ള സാധ്യത ഇല്ലെന്നും കോടതി നിരീക്ഷിച്ചു. കേസിലെ മുഖ്യ പ്രതിയായ ദയാനിധി മാരനെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് ചിദംബരത്തെയും കർത്തിയെയും അറസ്റ്റ് ചെയ്യാൻ തിടുക്കം. ഇരട്ട നീതി നിയമ വാഴ്ചയ്ക്ക് എതിരാണ് എന്നും ഉത്തരവിൽ കോടതി വിമർശിച്ചു.