rafale

പാരീസ്: ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറുന്നതിന് മുമ്പുള്ള റാഫേൽ യുദ്ധവിമാനങ്ങളുടെ പരിശീലനപ്പറക്കലിന്റെ ചിത്രങ്ങൾ വൈറലാകുന്നു. ഫ്രഞ്ച് ഫോട്ടോഗ്രാഫറായ സെഡിക് ഗോറിയെടുത്ത ചിത്രങ്ങൾ, ഇന്ത്യൻ വ്യോമസേനയിലെ മുൻ പൈലറ്റ് സമീർ ജോഷിയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇന്ത്യൻ വ്യോമസേനയുടെ നിറമാണ് വിമാനങ്ങൾക്ക് നൽകിയിരിക്കുന്നത്.

ഈ മാസം 20നാണ് റാഫേൽ വിമാനങ്ങളിൽ ആദ്യത്തേത് ഇന്ത്യയ്ക്ക് ഔദ്യോഗികമായി കൈമാറുക. പാരിസിൽ വച്ചാണ് കൈമാറ്റച്ചടങ്ങ്. ഇത് ഏറ്റുവാങ്ങാൻ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, എയർ ചീഫ് മാർഷൽ ബി.എസ്.ധനോവ എന്നിവർ നേരിട്ട് ചെല്ലുമെന്നാണ് റിപ്പോർട്ട്. കരാർ‌ പ്രകാരം 36 വിമാനങ്ങളാണ് ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് നൽകേണ്ടത്. അടുത്ത മേയിൽ റാഫേലിന്റെ ആദ്യഘട്ട വിമാനങ്ങൾ ഇന്ത്യയിലെത്തും. ആദ്യനിര ഹരിയാനയിലെ അംബാല വ്യോമസേനാത്താവളത്തിലാകും എത്തുക. അനിൽ അംബാനിക്ക് റാഫേലിന്റെ അനുബന്ധ കരാറുകൾ ലഭിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി സമാന്തര നീക്കങ്ങൾ നടത്തിയെന്നതടക്കമുള്ള അഴിമതിയാരോപണങ്ങൾക്കൊടുവിലാണ് വിമാനം രാജ്യത്തെത്തുന്നത്.