കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേലിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പി.ജെ. ജോസഫ് എത്തി. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതാക്കൾക്കൊപ്പം വേദിയിലേക്ക് എത്തിയ പി.ജെ. ജോസഫിനെ കണ്ട് ജോസ് കെ.മാണി പ്രവർത്തകർ കൂവി വിളിച്ചു. പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ പി.ജെ. ജോസഫിനെ പ്രവർത്തകർ ഗോബാക്ക് വിളിയുമായി രംഗത്തെത്തി.
പാലായിലെ വികസനവും കെ.എം. മാണിയുമായി ഉണ്ടായിരുന്ന വ്യക്തിപരമായ അടുപ്പവും വിവരിച്ചായിരുന്നു പി.ജെ.ജോസഫിന്റെ പ്രസംഗം. പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ യു.ഡി.എഫ് ഒറ്റക്കെട്ടാകുമെന്നും വിജയം ഉറപ്പാണെന്നും പ്രതികരിച്ചു.
വ്യക്തിപരമായ വിരോധം ആരുമായും ഇല്ല. തർക്കം പാർട്ടിക്കകത്താണ്.ജോസ് കെ മാണിയുമായുള്ള അഭിപ്രായ വ്യത്യാസം അധികം വൈകാതെ തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.ജെ. ജോസഫ് പ്രസംഗത്തിൽ പറഞ്ഞു. രണ്ട് പാർട്ടിയായി നിന്നപ്പോൾ കെ.എം. മാണി വിളിച്ചപ്പോൾ മന്ത്രിസഭ വിട്ട് ഇറങ്ങി വന്നയാളാണെന്ന് മറക്കരുതെന്നും പി.ജെ. ജോസഫ് ഓർമ്മിപ്പിച്ചു.ജോസ് ടോം യു.ഡി.എഫ് സ്ഥാനാർത്ഥിയാണ്. ജോസ് ടോമിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും പി.ജെ. .ജോസഫ് പറഞ്ഞു.