ന്യൂയോർക്ക്: ഫേസ്‌ബുക്കിൽ നിന്ന് 41.9 കോടി ഉപഭോക്താക്കളുടെ മൊബൈൽഫോൺ നമ്പറുകൾ ചോർന്നതായി അമേരിക്കൻ ടെക്‌നോളജി വാർത്താ മാദ്ധ്യമമായ ടെക് ക്രഞ്ചിന്റെ റിപ്പോർട്ട്. ഫേസ്‌ബുക്ക് പാസ്‌വേഡ് നൽകി സുരക്ഷിതമാക്കാത്ത സെർവറുകളിൽ നിന്നാണ് വിവരച്ചോർച്ച.
13.3 കോടി അമേരിക്കക്കാർ, അഞ്ചുകോടി വിയറ്റ്‌നാമുകാർ, 1.8 കോടി ബ്രിട്ടീഷ് പൗരന്മാർ തുടങ്ങിയവർ ഫേസ്‌ബുക്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോൺ നമ്പരുകളാണ് ചോർന്നത്. ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർന്നിട്ടില്ല.
ഫോൺ നമ്പർ ചോർന്നതിനാൽ ഉപഭോക്താക്കൾക്ക് സ്‌പാം കോളുകൾ വരാനും സ്വിം സ്വാപ്പിംഗിനും (ഒരാളുടെ ഫോൺ നമ്പർ ദുരുപയോഗപ്പെടുത്തി മറ്റാളുകളെ കോൾ ചെയ്യൽ) സാദ്ധ്യതയുണ്ട്. ഹാക്കർമാർ ഈ ഫോൺ നമ്പർ ഉപയോഗിച്ച് ഫേസ്‌ബുക്ക് അക്കൗണ്ടുകളുടെ പാസ്‌വേഡ് മാറ്റിയേക്കാമെന്നും റിപ്പോർട്ട് വ്യക്തമാക്കി. 2018ൽ ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് അഞ്ചരലക്ഷം ഇന്ത്യക്കാരുടെ ഉൾപ്പെടെ എട്ടുകോടിപ്പേരുടെ വിവരങ്ങൾ ഫേസ്‌ബുക്ക് തന്നെ ചോർത്തി നൽകിയത് വൻ വിവാദമായിരുന്നു.