ന്യൂഡൽഹി: ജമ്മു കാശ്മീർ വിഷയത്തിൽ ഇന്ത്യ- പാക് ബന്ധം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിൽക്കുമ്പോൾ അതിർത്തിയിൽ പ്രകോപനവുമായി പാകിസ്ഥാന്റെ സൈനിക നീക്കം. പാക് അധീന കാശ്മീരിന് സമീപം ബാഖ് ആൻഡ് കോത്‌ലി സെക്ടറിലാണ് പാകിസ്ഥാൻ രണ്ടായിരത്തോളം സൈനികരടങ്ങുന്ന വ്യൂഹത്തെ വിന്യസിച്ചിരിക്കുന്നതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
നിയന്ത്രണ രേഖയ്ക്ക് 30 കിലോമീറ്റർ അകലത്തിൽ പാകിസ്ഥാൻ സൈന്യം തമ്പടിച്ചിട്ടുണ്ടെന്നാണ് ഇന്ത്യൻ സൈനിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അതിർത്തിയിൽ ഇന്ത്യ സുരക്ഷ ശക്തമാക്കി. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് സൈന്യം അറിയിച്ചു.
കാശ്മീർ വിഷയത്തിൽ യു.എൻ രക്ഷാ സമിതിയിൽ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് അതിർത്തിയിൽ സൈനിക നീക്കവുമായി പാകിസ്ഥാൻ രംഗത്ത് വന്നിരിക്കുന്നത്.