jio

കൊച്ചി: ബ്രോഡ്‌ബാൻഡ് രംഗത്ത് വിപ്ളവത്തിന് തുടക്കമിട്ട് റിലയൻസ് ജിയോ അവതരിപ്പിച്ച ഫൈബ‌ർ ടു ദി ഹോം (എഫ്.ടി.ടി.എച്ച്) സേവനമായ ജിയോ ഫൈബറിന് ഇന്നലെ തുടക്കമായി. സമ്പൂർണ ഫൈബർ ബ്രോഡ്‌ബാൻഡ് സേവനമായ ജിയോ ഫൈബർ 1,600 നഗരങ്ങളിലാണ് രജിസ്‌ട്രേഷൻ ആരംഭിച്ചത്.

https://www.jio.com/ എന്ന വെബ്‌സൈറ്ര് സന്ദർശിച്ചോ മൈജിയോ ആപ്പ് ഡൗൺലോഡ് ചെയ്‌തോ രജിസ്‌‌റ്റർ ചെയ്യാം. പേര്, മൊബൈൽ നമ്പർ, മേൽവിലാസം, ലൊക്കേഷൻ എന്നിവ നൽകണം. നിങ്ങളുടെ പ്രദേശത്ത് സേവനം ലഭ്യമാണെങ്കിൽ, ജിയോയുടെ സർവീസ് പ്രതിനിധി നിങ്ങളെ ബന്ധപ്പെട്ട് കണക്ഷൻ നൽകുന്ന നടപടികളെടുക്കും. നിലവിൽ, ജിയോ ഫൈബർ ഉപയോഗിക്കുന്നവർക്ക് പുതിയ പ്ളാനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ അവസരമുണ്ടാകും.

25 എം.ബി.പി.എസ് ആണ് നിലവിൽ ഇന്ത്യയിലെ ഫിക്‌സഡ്-ലൈൻ ബ്രോഡ്‌ബാൻഡിന്റെ ശരാശരി വേഗം. അമേരിക്കയിൽ ഇത്, 90 എം.ബി.പി.എസ് ആണ്. 100 എം.ബി.പി.എസ് മുതൽ ഒരു ജി.ബി.പി.എസ് വരെ വേഗതയാണ് ജിയോ ഫൈബറിന്റെ വാഗ്‌ദാനം.

ബ്രോൺസ് (699 രൂപ), സിൽവർ (849 രൂപ), ഗോൾഡ് (1,299 രൂപ), ഡയമണ്ട് (2,499 രൂപ), പ്ളാറ്റിനം (3,999 രൂപ), ടൈറ്റാനിയം (8,499 രൂപ) എന്നീ പ്രതിമാസ പാക്കേജുകളാണ് ജിയോ ഫൈബറിനുള്ളത്. എല്ലാ പാക്കേജിനും ഇന്ത്യയിൽ എവിടെയും കോളുകൾ സൗജന്യമാണ്. ടിവി വീഡിയോ കോളിംഗ്, കോൺഫറൻസ് കോളിംഗ്, എയർടെയ്‌ൻമെന്റ് ഒ.ടി.ടി ആപ്പുകൾ, ഗെയിമിംഗ്, ഡിവൈസ് സെക്യൂരിറ്രി, ഹോം നെറ്ര്‌വർക്കിംഗ് (കണ്ടന്റ് ഷെയറിംഗ്) തുടങ്ങിയ ഫീച്ചറുകളുണ്ട്.

ഉയർന്ന പാക്കേജുകളായ ഗോൾഡ്, ഡയമണ്ട്, പ്ളാറ്റിനം എന്നിവ തിരഞ്ഞെടുക്കുന്നവർക്ക് വി.ആർ ഹെഡ്‌സെറ്റ് എക്‌സ്‌പീരിയൻസ്, പുതിയ സിനിമകളുടെ ആദ്യ ഷോ വീട്ടിലിരുന്ന് കാണാനുള്ള അവസരം എന്നിവ ലഭിക്കും.

ഇതിനു പുറമേ, വെൽകം ഓഫ‌ർ ആയി ജിയോ ഫൈബർ‌ വാർഷിക കണക്ഷൻ എടുക്കുന്നവർക്ക് ജിയോ ഹോം ഗേറ്റ്‌വേ, ജിയോ 4കെ സെറ്ര് ടോപ്പ് ബോക്‌സ്, ഗോൾഡ് മുതൽ മുകളിലോട്ടുള്ള പ്ളാനിനൊപ്പം 4കെ ടിവി., അൺലിമിറ്റഡ് കാളുകളും ഡാറ്റയും, ഫേവറേറ്ര് ഒ.ടി.ടി ആപ്പ് സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ ലഭിക്കും.

മൂന്ന്, ആറ്, 12 മാസ പ്ളാനുകളും ജിയോ ഫൈബറിനുണ്ടാകും. ബാങ്കുകളുമായി സഹകരിച്ച് ഇ.എം.ഐ പദ്ധതിയും അവതരിപ്പിക്കും. ഇത്, വാർഷിക പ്ളാനുകൾ പ്രതിമാസ ഇ.എം.ഐ മാത്രം നൽകി സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് സഹായകമാകും.