
പാലാ: ജോസ് കെ മാണിയുമായുള്ള അഭിപ്രായ വ്യത്യാസം ഇന്നല്ലെങ്കിൽ നാളെ തീരുമെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ.ജോസഫ്. പാലായിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു പി.ജെ. ജോസഫ്. അഭിപ്രായ വ്യത്യാസം സ്ഥിരമല്ല. ഐക്യമുന്നണിയെടുക്കുന്ന ഏത് തീരുമാനവും അംഗികരിക്കും. അതിന്റെ അടിസ്ഥാനത്തിൽ ജോസ് ടോമിനെ വിജയിപ്പിക്കണം. ഇന്നുമുതൽ ഞങ്ങൾ തിരഞ്ഞടുപ്പ് വേദിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നവകേരളം എന്നു പറയുന്നതല്ലാതെ പിണറായി ഒന്നും ചെയ്യുന്നില്ല. ശബരിമല വിഷയത്തിൽ തെറ്റിപ്പോയെന്ന് പാർട്ടി തന്നെ പറയുന്നു. പാലാ നിയോജകമണ്ഡലത്തിൽ സമഗ്രവികസനത്തിനായി അദ്ധ്വാനിച്ച മാണിയുടെ പാത പിന്തുടരാൻ ജോസ് ടോമിന് കഴിയട്ടെയെന്നും ജോസഫ് ആശംസിച്ചു.
ജോസഫ് വേദിയിലെത്തിയപ്പോഴും പ്രസംഗ സമയത്തും ജോസ് കെ.മാണി വിഭാഗം ഗോ ബാക്ക് വിളിയുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം തുടർന്നപ്പോൾ 'നിങ്ങളുടെ വികാരങ്ങൾ ഞാൻ മനസിലാക്കുന്നു. അത് ഈ സ്ഥാനാർത്ഥിയെ സ്‌നേഹിക്കുന്നവരാണ് പറഞ്ഞത് എന്ന് ഞാൻ കരുതുന്നു'എന്ന് ജോസഫ് പറഞ്ഞു. ഏത് പാർട്ടിയിലും ചില മത്സരങ്ങളുണ്ടാകുമ്പോൾ നമ്മളെല്ലം സ്വീകരിക്കുന്ന നിലപാടുകളാണ്. അതിന്റെ ഭാഗമായുണ്ടായതാണ്. അല്ലാതെ വ്യക്തിപരമല്ലെന്നും ജോസഫ് പറഞ്ഞു.