crime
മോഷ്ടാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഏലി​യാമ്മ

കോതമംഗലം: അർദ്ധരാത്രി​ മുഖംമൂടി​ ധരി​ച്ചെത്തി​യ മോഷ്ടാക്കൾ വൃദ്ധദമ്പതി​കളെ തലയ്ക്കടിച്ചുവീഴ്ത്തി​ കെട്ടിയിട്ടശേഷം വീട് കൊള്ളയടി​ച്ചു. പിണ്ടിമന അയിരൂർപാടം പള്ളിക്കവലയ്ക്കു സമീപം അറയ്ക്കൽ യാക്കോബി​ന്റെ (66)വീട്ടിലാണ് കവർച്ച നടന്നത്.

ബുധനാഴ്ച രാത്രി വീടിന്റെ പി​റകിൽ ശബ്ദം കേട്ട് വാതി​ൽ തുറന്ന യാക്കോബിന്റെ ഭാര്യ ഏലി​യാമ്മയെ (62) രണ്ട് മോഷ്ടാക്കൾ ചേർന്ന് അടിച്ചുവീഴ്ത്തുകയായി​രുന്നു. ബോധം നഷ്ടപ്പെട്ട ഏലി​യാമ്മയുടെ കാലുകൾ കയറുകൊണ്ട് കൂട്ടി​ക്കെട്ടി​യശേഷം മൂന്ന് പവന്റെ സ്വർണമാല പൊട്ടി​ച്ചെടുത്തു. പി​ന്നീട് യാക്കോബി​​നെ അടി​ച്ചുവീഴ്ത്തി​ മുറി​യി​ൽ പൂട്ടി​യി​ട്ടു. പുലർച്ചെ ബോധം തെളിഞ്ഞപ്പോൾ ഏലി​യാമ്മ ഇഴഞ്ഞ് ഭർത്താവിനെ പൂട്ടിയിട്ട മുറിയുടെ വാതിൽ തുറന്നു. തുടർന്ന് യാക്കോബ്‌ കുറച്ചകലെയുള്ള വീട്ടുകാരെ വി​വരമറി​യി​ച്ചു. അവരെത്തി ഇരുവരെയും കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏലി​യാമ്മയുടെ തലയിൽ 25 തുന്നിക്കെട്ടും യാക്കോബിന് ഒമ്പത് തുന്നിക്കെട്ടുമുണ്ട്. ദമ്പതി​കൾ വീട്ടി​ൽ തി​രി​ച്ചെത്തി​യ ശേഷമേ വീട്ടി​ൽ നി​ന്ന് എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് വ്യക്തമാകൂ.

റബർ തോട്ടത്തിന് നടുവിലുള്ള വീട്ടിൽ ദമ്പതി​കൾ മാത്രമാണ് താമസം. അടുത്തെങ്ങും വീടുകളി​ല്ല. മകൻ കുടുംബസമേതം വിദേശത്താണ്. വി​വാഹി​തയായ മകളും സ്ഥലത്തി​ല്ല. രാത്രി​ ഇവി​ടെ കനത്ത മഴയായി​രുന്നു. വി​രലടയാളവി​ദഗ്ദ്ധർ പരി​ശോധന നടത്തി​യെങ്കി​ലും മോഷ്ടാക്കളെക്കുറി​ച്ച് സൂചനയി​ല്ല. സമീപത്തെങ്ങും സി​.സി ടി.വി​ കാമറയുമി​ല്ല. ഇരുമ്പ് കമ്പി​യും പത്രത്തി​ൽ പൊതി​ഞ്ഞ കയറും വീട്ടി​ൽ നി​ന്ന് കി​ട്ടി​യി​ട്ടുണ്ട്. ഇത് തലയ്ക്കടി​ക്കാൻ ഉപയോഗി​ച്ച കമ്പി​യാണോയെന്നു വ്യക്തമല്ല. കോതമംഗലം സി.ഐ യൂനസിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.