മുംബയ്: പുതിയ റീട്ടെയിൽ വായ്‌പകളെല്ലാം ബാങ്കുകൾ എക്‌സ്‌റ്റേണൽ ബെഞ്ച്‌മാർക്കുമായി ബന്ധിപ്പിക്കണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചു. റിസർവ് ബാങ്കിന്റെ റിപ്പോ നിരക്ക് എക്‌സ്‌റ്റേണൽ ബെഞ്ച്‌മാർക്കുകളിൽ ഒന്നാണ്. ഒക്‌ടോബർ ഒന്നുമുതൽ നിർദേശം നടപ്പാക്കണം.
പൊതുമേഖലാ ബാങ്കുകളിൽ മിക്കവയും നേരത്തേ തന്നെ നിർദേശം നടപ്പാക്കിയിട്ടുണ്ട്. സ്വകാര്യ ബാങ്കുകൾ ഇപ്പോഴും എം.സി.എൽ.ആർ മാനദണ്ഡ പ്രകാരമാണ് വായ്‌പാ പലിശ നിർണയിക്കുന്നത്. പൊതുമേഖലാ ബാങ്കുകളും എം.സി.എൽ.ആർ പ്രകാരമാണ് വായ്‌പകൾ നൽകിയിരുന്നത്. എന്നാൽ, റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചിട്ടും ആനുപാതികമായി വായ്‌പാ പലിശ കുറയ്ക്കാൻ ബാങ്കുകൾ തയ്യാറാകുന്നില്ലെന്ന വിമർശനം ഉയർന്നിരുന്നു.
തുടർന്നാണ്, എക്‌സ്‌റ്രേണൽ ബെഞ്ച്മാർക്കുകളുമായി വായ്‌പകൾ ബന്ധിപ്പിക്കാൻ റിസർവ് ബാങ്ക് നിർദേശിച്ചത്. റിപ്പോയ്ക്ക് പുറമേ കേന്ദ്രസർക്കാരിന്റെ മൂന്ന്, ആറ് മാസ ട്രഷറി ബിൽ യീൽഡ്, അല്ലെങ്കിൽ ഫിനാൻഷ്യൽ ബെഞ്ച്‌മാർക്ക്‌സ് ഇന്ത്യ പ്രൈവറ്റിന്റെ (എഫ്.ബി.ഐ.എൽ) ഏതെങ്കിലും മാർക്കറ്ര് ഇന്ററെസ്‌റ്ര് റേറ്റ് എന്നിവയാണ് റിസർവ് ബാങ്ക് മുന്നോട്ടുവച്ച എക്‌സ്‌റ്റേണൽ ബെഞ്ച്‌മാർക്കുകൾ.
എക്‌സ്‌റ്രേണൽ ബെഞ്ച്‌മാർക്ക് പ്രകാരമാകുമ്പോൾ വായ്‌പാ പലിശയിൽ മികച്ച കുറവ് ഉപഭോക്താക്കൾക്ക് ലഭിക്കും. എം.എസ്.എം.ഇ., വ്യക്തിഗതം, വാഹനം, ഭവന വായ്‌പകൾ എടുത്തവർക്ക് നേട്ടവുമാകും.