chandrayan-2

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 പേടകം ചന്ദ്രനിൽ ഇറങ്ങുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രിയോടൊപ്പം നാസ ഗവേഷകരും. ഇന്ത്യയുടെ അഭിമാന നിമിഷം സെപ്റ്റംബർ 7 ന് പുലർച്ചെ 1.30 മുതൽ 2.30 വരെ തത്സമയം പ്രക്ഷേപണം ചെയ്യുമെന്ന് നാഷണൽ ജിയോഗ്രാഫിക് ചാനൽ അറിയിച്ചു. അതേസമയം വിക്രം ലാൻഡറും ഓർബിറ്ററും സാധാരണ നിലയിൽ പ്രവർത്തിക്കുന്നതായി ഐ.എസ്.ആർ.ഒ അറിയിച്ചിരുന്നു

.ലാൻഡിംഗിനായുള്ള ഒരുക്കം അവസാന ഘട്ടത്തിലാണ്. പുലർച്ചെ 1.30- നും 2.30 നും ഇടയ്ക്ക് ലാൻഡർ വേഗത കുറച്ച് പതുക്കെ നിലത്തേക്കിറങ്ങും. നാലു കാലുകൾ ഉറപ്പിച്ച്, ലാൻഡർ ചന്ദ്രന്റെ മണ്ണിൽ അമർന്നുനിൽക്കും. പരിസരവുമായി ഇണങ്ങാൻ നാലു മണിക്കൂർ വേണ്ടിവരുമെന്നും എെ.എസ്.ആർ.ഒ അറിയിച്ചു. നാഷണൽ ജിയോഗ്രാഫിക് ഷോയുടെ ഭാഗമായി നാസ ബഹിരാകാശ യാത്രികൻ ജെറി ലിനെഞ്ചറിനെ കൊണ്ടുവരുമെന്നും ചാനൽ അറിയിച്ചിട്ടുണ്ട്. നാഷണൽ ജിയോഗ്രാഫിക്, ഹോട്ട്സ്റ്റാർ എന്നിവയിൽ സെപ്റ്റംബർ 6 ന് രാത്രി 11.30 ന് തത്സമയം പ്രക്ഷേപണം തുടങ്ങും.

വർഷങ്ങളായി ബഹിരാകാശ പര്യവേഷണത്തിന് ഇന്ത്യ നൽകിയ സംഭാവന ഭൂമിക്കപ്പുറത്തുള്ള കണ്ടെത്തലുകൾ അനാവരണം ചെയ്യുന്നതിൽ നിർണായകമാണ്. ചന്ദ്രനിൽ ജലത്തിന്റെ സാന്നിധ്യം മനസിലാക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന ദൗത്യമാണ് ചന്ദ്രയാൻ -2. ഇത് ഇന്ത്യക്ക് മാത്രമല്ല ലോകമെമ്പാടുമുള്ളവർക്ക് പ്രയോജനകരമാണ്. ചരിത്രപരമായ ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ അവസരം കിട്ടിയതിൽ താൻ സന്തുഷ്ടനാണെന്നും ലിനെഞ്ചർ പറഞ്ഞു.