കൊച്ചി: കൽപ്പിത സർവകലാശാലയായ ചിന്മയ വിശ്വവിദ്യാ പീഠത്തിന്റെ വൈസ് ചാൻസലറായി ഡോ.നാഗരാജ് നീർച്ചൽ നിയമിതനായി. യൂണിവേഴ്‌സിറ്റി ഒഫ് മേരിലാന്റിലെ സ്‌റ്റാറ്റിസ്‌റ്രിക്‌സ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഡയറക്‌ടറും പ്രൊഫസറുമായി സേവനമനുഷ്‌ഠിക്കവേയാണ് അദ്ദേഹത്തെ തേടി വൈസ് ചാൻസലർ പദവിയെത്തിയത്.
അമേരിക്കയിലെ അയോവ യൂണിവേഴ്‌സിറ്രിയിൽ നിന്ന് സ്‌റ്റാറ്റിസ്‌റ്റിക്‌സിൽ ഡോക്‌ടറേറ്റ് നേടിയിട്ടുള്ള ഡോ. നാഗരാജിന്റെ കണ്ടുപിടിത്തങ്ങൾ ഗതാഗതം, പരിസ്ഥിതി, ഔഷധവിജ്ഞാനീയം എന്നിവയിൽ ഉപയോഗിക്കുന്നുണ്ട്. അമേരിക്കയിലെ വിവിധ അക്കാഡമിക് കമ്മിറ്റികൾ, പ്രൊഫഷണൽ ബോഡീസ്, സ്‌റ്റേറ്ര് ആൻഡ് ഫെഡറൽ ഗവൺമെന്റ് കമ്മിറ്റികൾ എന്നിവയിൽ അംഗമായിരുന്നു.
യൂണിവേഴ്‌സിറ്റി ഒഫ് മേരിലാന്റ് ബോർഡ് ഒഫ് റീജന്റ്‌സ് അവാർഡ് ഫോർ ഇന്നവേഷൻ ആൻഡ് എക്‌സലൻസ്, കോഫ് മാൻ എൻട്രപ്രണർഷിപ്പ് ഫെലോഷിപ്പ്, അമേരിക്കൻ സ്‌റ്റാറ്രിസ്‌റ്റിക്കൽ അസോസിയേഷൻ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ ഡോ. നാഗരാജിന് ലഭിച്ചിട്ടുണ്ട്.