വാഷിംഗ്ടൺ: മസൂദ് അസർ, ഹാഫിസ് സയ്ദ്, സാക്കിയുർ റഹ്മാൻ ലഖ്‌വി, ദാവൂദ് ഇബ്രഹിം എന്നിവരെ ഭീകരരായി പ്രഖ്യാപിച്ച ഇന്ത്യുടെ നടപടിയെ പിന്തുണച്ച് അമേരിക്ക. പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്ഷെ മുഹമ്മദ് തലവനുമായ മസൂദ് അസർ, ലഷ്കർ ഇ ത്വയ്ബ നേതാവ് ഹാഫിസ് സയ്ദ്, സാക്കിയുർ റഹ്മാൻ ലഖ്‌വി, 1993ലെ മുംബയ് സ്‌ഫോടനത്തിന്റെ സൂത്രധാരനും അധോലോക നേതാവുമായ ദാവൂദ് ഇബ്രഹിം എന്നിവരെയാണ് യു,എ.പി.എ നിയമപ്രകാരം കേന്ദ്രസർക്കാർ ഭീകരരായി പ്രഖ്യാപിച്ചത്.
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പൂർണ പിന്തുണ നൽകുന്നതായും അമേരിക്ക വ്യക്തമാക്കി. തീവ്രവാദികളായ നാല് പേരെ ഭീകരരായി പ്രഖ്യാപിക്കാൻ നിയമം ഭേദഗതി വരുത്തിയത് ഭീകരവാദത്തിനെതിരായ യു.എസിന്റെയും ഇന്ത്യയുടെയും നീക്കത്തിന് തുണയാകുമെന്ന് സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ അസിസ്റ്റന്റ് സെക്രട്ടറി ആലീസ് ജി.വെൽസ് അറിയിച്ചു.