ഒമാൻ 2- ഇന്ത്യ 1
ഗോഹട്ടി : മത്സരത്തിലെ ആദ്യ ഗോൾ നേടി ആദ്യ പകുതിയിൽ ലീഡ് ലഭിച്ചിട്ടും ഒമാനെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ വിജയിക്കാനാകാതെ ഇന്ത്യൻ ഫുട്ബാൾ ടീം. ഇന്നലെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ഒമാൻ ഇന്ത്യയെ കീഴടക്കിയത്.
24-ാം മിനിട്ടിൽ നായകൻ സുനിൽ ഛെത്രി നേടിയ ഗോളിന് മുന്നിലായിരുന്ന ഇന്ത്യയെ അവസാന പത്ത് മിനിട്ടിനുള്ളിൽ നേടിയ ഗോളുകൾക്ക് സന്ദർശകർ തറപറ്റിക്കുകയായിരുന്നു. 82,90 മിനിട്ടുകളിൽ റാബിയ മന്ധാവിയാണ് ഒമാനുവേണ്ടി ഗോളുകൾ നേടിയത്.
1994ലെ ഇൻഡിപെൻഡൻസ് കപ്പിനുശേഷം ഒമാനെതിരെ ആദ്യമായൊരു വിജയം തേടിയിറങ്ങിയ ഇന്ത്യ ഇന്നലെ മുന്നേറ്റത്തിൽ സുനിൽ ഛെത്രിക്കൊപ്പം മലയാളിതാരം ആഷിഖ് കുരുണിയനെ ഇറക്കി. മറ്റ് മലയാളിതാരങ്ങളായ അനസ് എടത്തൊടികയ്ക്കും സഹൽ അബ്ദുൽ സമദിനും ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചില്ല. മത്സരത്തിന്റെ ആദ്യ മിനിട്ടുകളിൽ ഒമാൻ സമ്മർദ്ദം ചെലുത്തിയെങ്കിലും ഇന്ത്യ പതിയെ പന്ത് കൈവശപ്പെടുത്തി കളിക്കാൻ തുടങ്ങി. അഞ്ചാം മിനിട്ടിൽ ആഷിഖിന്റെ നല്ലൊരു മുന്നേറ്റത്തിലൂടെ ഇന്ത്യ ഒമാൻ പകുതി കടന്നു. എന്നാൽ, ഉദാന്തസിംഗിനെ ലക്ഷ്യമാക്കി നൽകിയ ക്രോസ് വിഫലമായി. എട്ടാം മിനിട്ടിൽ ഒമാന്റെ ഒരുഗ്രൻ മുന്നേറ്റം ഇന്ത്യൻ ഗോളി ഗുർപ്രീത്സന്ധു തട്ടിയകറ്റിക്കളഞ്ഞു. തുടക്കത്തിലെ ലീഡ് നേടാനുള്ള ഒമാന്റെ മോഹമാണ് സന്ധുവിന്റെ കൈക്കരുത്തിന് മുന്നിൽ പൊലിഞ്ഞത്.
15-ാം മിനിട്ടിൽ ഒമാൻ ഗോളിയിൽ നിന്ന് പന്ത് സുനിൽ ഛെത്രി ഉദാന്തയ്ക്ക് നൽകിയെങ്കിലും ഉദാന്തയുടെ ഷോട്ട് ക്രോസ്ബാറിൽ തട്ടിതെറിക്കുകയായിരുന്നു. 22-ാം മിനിട്ടിൽ ആഷിഖിനെ അബ്ദുൽ അസീസ് ഗെയ്ലാനി ഫൗൾ ചെയ്തവിട്ടതിനെത്തുടർന്നാണ് ഇന്ത്യയ്ക്ക് ഭാഗ്യം തെളിഞ്ഞത്. ഗെയ്ലാനിക്ക് മഞ്ഞക്കാർഡ് നൽകിയ റഫറി ഇന്ത്യയ്ക്ക് ഫ്രീ കിക്കും നൽകി. ഈ ഫ്രീ കിക്ക് ഛെത്രി വലയിലെത്തിക്കുകയായിരുന്നു. ഒരു ഗോൾ തങ്ങളുടെ വലയിൽ കയറിയശേഷം ഒമാൻ തിരിച്ചടിക്കാൻ ശ്രമം തുടങ്ങി. എന്നാൽ, പ്രതിരോധനിര ഉണർന്നു പ്രവർത്തിച്ചതിനാൽ ആദ്യ പകുതി അവസാനിക്കുന്നതുവരെ അപകടമുണ്ടായില്ല. 43-ാം മിനിട്ടിൽ ഗുർപ്രീതിന്റെ അത്യുജ്ജ്വലമായ മറ്റൊരു സേവ് കണ്ടു. സാദ് സുബെൽ നൽകിയ ക്രോസിൽ ഗോളെന്നുറപ്പിച്ച അഹമ്മദ് കാനോയുടെ ഷോട്ടാണ് ഗുർപ്രീത് തടുത്തത്. 55-ാം മിനിട്ടിൽ ഗുർപ്രീതിന്റെ അടുത്ത സേവും നടന്നു.