madhav-gadgil

കോട്ടക്കൽ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫസർ മാധവ് ഗാഡ്ഗിൽ ഒരു ലക്ഷം രൂപ സംഭവന നൽകി. കോട്ടക്കൽ എം.കെ.ആർ ഫൗണ്ടേഷന്റെ കർമ പുരസ്‌കാര തുകയായി ലഭിച്ച പണമാണ് അദ്ദേഹം കേരളത്തിന് സംഭാവനയായി നൽകിയത്. പശ്ചിമഘട്ട സംരക്ഷണത്തിന്റെ പ്രാധാന്യം കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് പരിപാടിയിൽ സംസാരിക്കവെ ഗാഡ്ഗിൽ പറഞ്ഞു.

രണ്ടു പ്രളയങ്ങൾക്കുശേഷം പശ്ചിമഘട്ട സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങൾ തിരിച്ചറിഞ്ഞു. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ മലയാള പരിഭാഷ നേരത്തേ തദ്ദേശസ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കിയിരുന്നെങ്കിൽ റിപ്പോർട്ടിന് സ്വീകാര്യത ലഭിക്കുമായിരുന്നു. എന്നാൽ പരിഭാഷ തയാറായിരുന്നെങ്കിലും വിതരണം നടക്കാതെ പോയതിനു പിന്നിൽ അസ്വാഭാവികതയുണ്ടെന്നും ഗാഡ്ഗിൽ കൂട്ടിച്ചേർത്തു. പശ്ചിമഘട്ടത്തിന്റെ പച്ചപ്പ് നഷ്ടപ്പെടുന്നത് ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും കാരണമാകുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമഘട്ടത്തിലെ കുന്നിൻപ്രദേശങ്ങളെ പ്രകൃതിലോല പ്രദേശങ്ങളായി പരിഗണിക്കണിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കണം. പ്രകൃതിവിഭവങ്ങളുടെ അശാസ്ത്രീയ ഉപയോഗം അപകടം ക്ഷണിച്ചുവരുത്തുകയാണ്. പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരം നൽകി മണൽ, ക്വാറി മാഫിയകളെ നിയന്ത്രിച്ച് പ്രകൃതി സൗഹാർദപരമായ പ്രവർത്തനങ്ങളിലൂടെ സർക്കാർ മുന്നോട്ട് പോകണമെന്നും അദ്ദേഹം വ്യക്തമാക്കി.