ഡൽഹി ∙ ശത്രുരാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പിമായി ഇന്ത്യ ആകാശ് മിസൈലുകൾക്കായി 5000 കോടിയുടെ പദ്ധതി നടപ്പാക്കുന്നു. വ്യോമസേനയ്ക്കായി പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡി.ആർ.ഡി.ഒ) വികസിപ്പിച്ച ആകാശ് മിസൈലുകൾ വാങ്ങാനായി 5000 കോടി രൂപയുടെ പദ്ധതിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ സുരക്ഷാകാര്യ മന്ത്രിതല സമിതി അംഗീകാരം നൽകിയത്. പാക്കിസ്ഥാൻ, ചൈന അതിർത്തികളിലായിരിക്കും മിസൈലുകൾ വിന്യസിക്കുക.
ശത്രുസേനയുടെ വിമാനങ്ങൾ, മിസൈലുകൾ എന്നിവ തകർക്കാൻ കെല്പള്ള ആകാശ് മിസൈലുകളുടെ ആറ് സ്ക്വാഡ്രണുകളാണു വ്യോമസേനയ്ക്കു ലഭിക്കുക. നിലവിൽ വ്യോമസേനയിൽ ആകാശിന്റെ 8 സ്ക്വാഡ്രണുകളുണ്ട്.
മൂന്നു വർഷമായുള്ള നിർദേശമാണു കേന്ദ്ര സർക്കാർ ഇപ്പോൾ അംഗീകരിച്ചത്. ഇന്ത്യ സ്വന്തമായി നിർമിച്ച മദ്ധ്യദൂര കര– വ്യോമ മിസൈലാണ് ആകാശ്. സൂപ്പർസോണിക് വിഭാഗത്തിലുള്ള മിസൈലിന്റെ ലക്ഷ്യപരിധി ഏകദേശം 30 കിലോമീറ്ററാണ്. ഏതു കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന മൾട്ടി ഡയറക്‌ഷണൽ സിസ്റ്റമാണു പ്രത്യേകത. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചതാണ് ആകാശ്. നാഗ്, അഗ്നി, തൃശൂൽ, പൃഥ്വി എന്നിവയാണു മറ്റു മിസൈലുകൾ.
75 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കാൻ ശേഷിയുള്ള ആകാശിന്റെ നീളം 5.8 മീറ്ററാണ്. ശബ്ദത്തിന്റെ ഇരട്ടി വേഗത്തിൽ കുതിക്കും.
യുദ്ധവിമാനങ്ങൾ, ക്രൂസ് മിസൈലുകൾ, ആകാശത്തുനിന്നു കരയിലേക്കു വിക്ഷേപിക്കുന്ന മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ തകർക്കാൻ ശേഷിയുള്ളതാണ് ആകാശ് മിസൈൽ. 2015 ജൂലായ് 10നാണ് ആകാശ് മിസൈൽ വ്യോമസേനയുടെ ഭാഗമായത്. 2015 മേയ് 5ന് കരസേനയുടെയും ഭാഗമായി.