ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ
അഫ്ഗാൻ താരമായി റഹ്മത്ത് ഷാ
പ്രായം കുറഞ്ഞ ടെസ്റ്റ് ക്യാപ്ടനായി
റാഷിദ് ഖാൻ
ചിറ്റോഗ്രാം: അഫ്ഗാനിസ്ഥാന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കാഡ് റഹ്മത്ത് ഷായ്ക്ക് സ്വന്തം. ബംഗ്ളാദേശിനെതിരായ ഏക ടെസ്റ്റിന്റെ ആദ്യ ദിനമാണ് റഹ്മത്ത് ഷാ 102 റൺസ് നേടിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ 271/5 എന്ന നിലയിലാണ്.
ഇബ്രാഹിം സദ്രാൻ (21), ഇഹ്സാനുള്ള (9), ഹഷ്മത്തുള്ള ഷാഹിദി (14), മുഹമ്മദ് നബി (0), റഹ്മത്ത് ഷാ എന്നിവരുടെ വിക്കറ്റുകളാണ് അഫ്ഗാന് നഷ്ടമായത്. 187 പന്തുകളിൽ 10 ഫോറും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു ഷായുടെ ഇന്നിംഗ്സ്.
ഈ മത്സരത്തിൽ, അഫ്ഗാനെ നയിച്ചിറങ്ങിയ സ്പിന്നർ റാഷിദ്ഖാൻ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രായംകുറഞ്ഞ (20, 350 ദിവസം) നായകനെന്ന റെക്കാഡ് സ്വന്തമാക്കി. സിംബാബ്വെയുടെ തൈബുവിന്റെ റെക്കാഡാണ് (20 വർഷം, 358 ദിവസം) റാഷിദ് മറികടന്നത്.