unnao-

ന്യൂഡൽഹി: പീഡനകേസിൽ പ്രതിയായ കുൽദീപ് സിംഗ് സെൻഗാറാണ് വാഹനാപകടത്തിന് പിന്നിലെന്ന് ഉന്നാവ് പെൺകുട്ടിയുടെ മൊഴി. തന്നെ ഇല്ലാതാക്കുകയായിരുന്നു കുൽദീപ് ലിംഗിന്റെ ലക്ഷ്യമെന്നും ഇതിനായി എം.എൽ.എയും കൂട്ടരും നടത്തിയ ഗൂഢാലോചനയുമാണ് ഇതിന് പിന്നിലെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. അപകടത്തിന് മുമ്പ് തന്നെ ഇല്ലാതാക്കുമെന്നും പറഞ്ഞ് കുൽദീപും കൂട്ടാളികളും തന്നെ ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി മൊഴിയിൽ വ്യക്തമാക്കി. ഡൽഹി എയിംസിൽ നിന്ന് സി.ബി.ഐ ഉദ്യോഗസ്ഥരാണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.

ജൂലൈ 28നാണ് റായ്ബറേലിക്ക് അടുത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ പെൺകുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അന്ന് പെൺകുട്ടിയ്ക്ക് ഒപ്പം സഞ്ചരിച്ച രണ്ട് ബന്ധുക്കൾ മരിച്ചിരുന്നു. അതിവേഗത്തിൽ വന്ന ട്രക്ക് പെൺകുട്ടി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പെൺകുട്ടിയെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു മൊഴിയെടുത്തത്. പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് അശുപത്രി അധികൃതർ അറിയിച്ചു. സുപ്രീംകോടതി ഇടപെട്ടാണ് ലഖ്നൗവിലെ കിംഗ്‌ ജോർജ് ആശുപത്രിയിൽ നിന്ന് പെൺകുട്ടിയെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.

അപടകത്തിന് പിന്നിൽ പെൺകുട്ടി പീഡന പരാതി ഉന്നയിക്കുകയും കേസിലെ പ്രതിയുമായ ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്ന വലിയ ആരോപണങ്ങളുയർന്നതിനെത്തുടർന്ന് സെൻഗാറിനും സഹോദരനും മറ്റ് പത്ത്‌പേർക്കുമെതിരെ കൊലക്കുറ്റം ചുമത്തികേസെടുത്തിരുന്നു.