ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയാ അഴിമതി കേസിൽ അറസ്‌റ്റിലായ മുൻകേന്ദ്ര ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരം തീഹാർ ജയിലിലെ തന്റെ ആദ്യ രാത്രി ചെലവഴിച്ചത് അസ്വസ്ഥവാനായെന്ന് റിപ്പോർട്ട്. എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പെടുന്നവരെ സൂക്ഷിക്കുന്ന ഏഴാം നമ്പർ ജയിലാണ് ചിദംബരത്തിന് നൽകിയിരിക്കുന്നത്. മുൻകേന്ദ്രമന്ത്രിയെന്ന നിലയിൽ ഇസഡ് പ്ലസ് സുരക്ഷയുണ്ടെങ്കിലും ജയിലിൽ സാധാരണ തടവുകാർക്ക് നൽകുന്ന സൗകര്യങ്ങളല്ലാതെ വി.ഐ.പി പരിഗണനയൊന്നും ചിദംബരത്തിന് നൽകില്ലെന്നും ജയിൽ അധികൃതർ വ്യക്തമാക്കി.
ഐ.എൻ.എക്‌സ് കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് കസ്‌റ്റഡിയിൽ എടുത്ത ചിദംബരത്തിന്റെ കസ്‌റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് ഡൽഹി സി.ബി.ഐ കോടതി അദ്ദേഹത്തെ തീഹാർ ജയിലിലേക്ക് അയച്ചത്. ഈ മാസം 19 വരെ അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടി വരും. മരുന്നുകളും കണ്ണടയും കൊണ്ടുപോകാൻ അനുവദിച്ച സ്പെഷ്യൽ കോടതി ജഡ്ജി അജയ് കുമാർ കുഹാർ പ്രത്യേക സെൽ, ബെഡ്, ബാത്ത്റൂം തുടങ്ങിയവ വേണമെന്ന ചിദംബരത്തിന്റെ ആവശ്യവും അംഗീകരിച്ചു. നിലവിൽ ഇസെഡ് സുരക്ഷയുള്ള ചിദംബരത്തിന് ആവശ്യമായ എല്ലാ സുരക്ഷയും ജയിലിൽ ഒരുക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഇന്നലെ ജയിലിൽ എത്തിയപ്പോൾ തന്നെ ഒരു തലയിണയും ബ്ലാങ്കറ്റും ജയിൽ അധികൃതർ അദ്ദേഹത്തിന് നൽകി. രാത്രിയിൽ ചെറിയ രീതിയിലുള്ള ഭക്ഷണമാണ് അദ്ദേഹം കഴിച്ചത്.
വെള്ളിയാഴ്‌ച രാവിലെ ആറ് മണിക്ക് പ്രഭാത ഭക്ഷണത്തിന് മുമ്പേ ചിദംബരത്തിന് ചായ നൽകി. പിന്നീട് ജയിൽ മെനു അനുസരിച്ച് ബ്രഡ്, പോഹ, പോറിഡ്‌ജ് എന്നിവ നൽകി. സെല്ലിന് പുറത്ത് നടക്കാനും മറ്റ് തടവുകാരോട് സംസാരിക്കാനും അദ്ദേഹത്തിന് അനുവാദമുണ്ട്. പശ്ചാത്യ രീതിയിലുള്ള ടോയ്‌ലറ്റ് സംവിധാനവും ചിദംബരം ആവശ്യപ്പെട്ടത് അനുസരിച്ച് ജയിലിൽ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ജയിലിലെ ലൈബ്രറി ഉപയോഗിക്കാനും നിശ്ചിത സമയത്ത് ടെലിവിഷൻ കാണാനും ചിദംബരത്തിന് സാധിക്കും. സെല്ലിൽ ഒരു ന്യൂസ് പേപ്പറുകളും ലഭിക്കും. ജയിലിലെ ശുദ്ധീകരണ ശാലയിൽ തയ്യാറാക്കിയ വെള്ളമോ പണം കൊടുത്ത് വാങ്ങാവുന്ന ബോട്ടിൽ വെള്ളമോ അദ്ദേഹത്തിന് ഉപയോഗിക്കാൻ കഴിയുമെന്നും ജയിൽ അധികൃതർ വ്യക്തമാക്കി.
മോദി സർക്കാരിന്റെ കടുത്ത വിമർശകനും യു.പി.എ കാലത്തെ ഏറ്റവും ശക്തനായ നേതാവുമായിരുന്ന ചിദംബരത്തെ ഐ.എൻ.എക്‌സ് മീഡിയാ കേസിലാണ് ഇ.ഡി അറസ്‌റ്റ് ചെയ്യുന്നത്. തുടർന്ന് അന്വേഷണ സംഘത്തിന്റെ അപേക്ഷ കണക്കിലെടുത്ത് ചിദംബരത്തെ കസ്‌റ്റഡിയിൽ വിട്ടു. ഇന്നലെയാണ് കസ്‌റ്റഡി കാലാവധി അവസാനിച്ചത്. ഇതിനിടയിൽ ചിദംബരത്തിനെതിരെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ എൻഫോഴ്സ്‌മെന്റ് രജിസ്‌റ്റർ ചെയ്‌ത മറ്റൊരു കേസിൽ സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. എന്നാൽ ഈ കേസിൽ അദ്ദേഹത്തെ കസ്‌റ്റഡിയിലെടുക്കാൻ ഇ.ഡി തയ്യാറായില്ല. തുടർന്നാണ് അദ്ദേഹത്തെ കോടതി തീഹാർ ജയിലേക്ക് അയച്ചത്.