വ്ലാദിവസ്തോക്: ഫോട്ടോ ഷൂട്ടിനിടെ തനിക്കായി ഒരുക്കിയ പ്രത്യേക സോഫയിൽ ഇരിക്കാതെ കസേരയിലിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ സന്ദർശനത്തിനിടെയായിരുന്നു സംഭവം. പ്രത്യേകം ഒരുക്കിയ സോഫ മാറ്റാൻ ആവശ്യപ്പെട്ട മോദി എല്ലാവരെയും പോലെ സാധാരണ കസേരയിലിരുന്നാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. റെയിൽവെ മന്ത്രി പീയുഷ് ഗോയൽ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ചതോടെ പ്രധാനമന്ത്രിക്ക് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ.
ഫോട്ടോ ഷൂട്ടിനെത്തിയ പ്രധാനമന്ത്രിയെ പ്രത്യേകം ഒരുക്കിയ സോഫയിൽ ഇരുത്താനാണ് ഉദ്യോഗസ്ഥർ കരുതിയത്. എന്നാൽ സോഫയ്ക്ക് പകരം തനിക്ക് ഒരു കസേര മതിയെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തുടർന്ന് ഉദ്യോഗസ്ഥർ സോഫ മാറ്റുകയും പകരം കസേരിയിട്ട് നൽകുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. തനിക്കായി പ്രത്യേകം ഒരുക്കിയ സജ്ജീകരണം വേണ്ടെന്ന് വെച്ച് മറ്റുള്ളവരോടൊപ്പം കേസരയിലിരുന്നത് പ്രധാനമന്ത്രിയുടെ ലാളിത്യം വ്യക്തമാക്കുന്നതാണെന്ന് പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.
രണ്ട് ദിവസത്തെ സന്ദർശനത്തിന് ബുധനാഴ്ചയാണ് നരേന്ദ്ര മോദി റഷ്യയിലെത്തിയത്. ബുധനാഴ്ച രാവിലെ റഷ്യൻ വ്ളാഡിവോസ്റ്റോക്ക അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദിക്ക് ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്. അദ്ദേഹത്തെ സ്വീകരിക്കാൻ റഷ്യൻ ഉപ വിദേശകാര്യമന്ത്രി ഇഗോർ മോർഗുലോവ് എത്തിയിരുന്നു. കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള മോദിയുടെ ആദ്യ റഷ്യൻ സന്ദർശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാനലക്ഷ്യം.
കാശ്‌മീരിലെ ഇന്ത്യയുടെ തീരുമാനത്തിനെതിരെ ചൈനയുടെ പിന്തുണയോടുകൂടി യു.എൻ രക്ഷാസമിതിയെ സമീപിച്ച പാകിസ്ഥാന്റെ നീക്കത്തെ മുളയിലേ നുള്ളാൻ സഹായിച്ചത് റഷ്യയായിരുന്നു.റഷ്യൻ ഇടപെടലിനു പിന്നാലെ രക്ഷാസമിതിയിലെ ചൈനയൊഴികെയുള്ള മറ്റെല്ലാ സ്ഥിരാംഗങ്ങളും കാശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.