തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11ന് രാജ്ഭവൻ ആഡിറ്റോറിയത്തിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ഗവർണറുടെ പത്നി രേഷ്മാ ആരിഫ്, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു. മലയാളത്തിലാണ് ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിജ്ഞ ചെയ്തത്.
സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണർ അദ്ദേഹത്തിന്റെ ഓഫിസിലേക്ക് പോകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ കെ.ടി ജലീൽ, കടകംപള്ളി സുരേന്ദ്രൻ, കെ.രാജു, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ ബാലൻ, ഇ.പി ജയരാജൻ, മേഴ്സിക്കുട്ടിയമ്മ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ഇന്നലെയാണ് ഗവർണർ കേരളത്തിലെത്തിയത്. രാവിലെ 8.30ന് എയർ ഇന്ത്യയുടെ എ.ഐ 263 വിമാനത്തിൽ എത്തിയ ഗവർണറെ വിമാനത്താവളത്തിൽ മന്ത്രി കെ.ടി. ജലീൽ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ, സതേൺ എയർ കമാൻഡ് എയർ ഓഫീസർ ഇൻ ചാർജ് എയർ മാർഷൽ ബി. സുരേഷ് തുടങ്ങിയവർ ചേർന്നാണ് സ്വീകരിച്ചത്.