pala-by-election

കോട്ടയം: തനിക്കെതിരെ പാർട്ടി മുഖപത്രമായ മുഖച്ഛായയിൽ വന്ന ലേഖനത്തിനെതിരെ രൂക്ഷവിമർശനവുമായി കേരള കോൺഗ്രസ് എം വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് രംഗത്തെത്തി. ജോസ് കെ.മാണിയുടെ അറിവില്ലാതെ ഇത്തരമൊരു ലേഖനം പ്രതിച്ഛായയിൽ വരില്ല. പ്രതിച്ഛായയിലൂടെ ആരാണ് സംസാരിക്കുന്നതെന്ന് പകൽ പോലെ വ്യക്തമാണ്. മാണിയുടെ പക്വത ജോസിനില്ല. വീണ്ടുവിചാരമില്ലാതെയാണ് ജോസ് പെരുമാറുന്നത്. ഇപ്പോഴത്തെ വിവാദങ്ങൾ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തെ ബാധിക്കുമെന്നും ജോസഫ് വ്യക്തമാക്കി. വർക്കിംഗ് ചെയർമാൻ എന്ന നിലയിൽ കത്ത് നൽകിയാൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കാമെന്ന് താൻ എല്ലാവരെയും അറിയിച്ചിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ജോസ് കെ.മാണി വിഭാഗം തയ്യാറായിരുന്നില്ല. എന്നാൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ട എല്ലാ പ്രവർത്തനങ്ങളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിഷയുടെ സ്ഥാനാർത്ഥിത്വം വെട്ടുകയും രണ്ടില ചിഹ്നം ഇല്ലാതാക്കുകയും ചെയ്ത പി.ജെ ജോസഫിനെതിരെ കേരള കോൺഗ്രസ് എം മുഖപത്രമായ പ്രതിച്ഛായയിൽ വിമർശനവും പരിഹാസവും നിറഞ്ഞ ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു. ചില നേതാക്കൾ അപസ്വരം മുഴക്കി നോക്കുകുത്തിയെപോലെ നിന്ന് വഴിമുടക്കികളാകുന്നു. സ്വയം വിഡ്ഢികളാകാനാണ് അവരുടെ നിയോഗമെന്ന് പ്രതിച്ഛായയുടെ പുതിയ ലക്കത്തിലെ മുഖപ്രസംഗത്തിൽ ജോസഫിനെ പരിഹസിക്കുന്നു. നിഷ സ്ഥാനാർത്ഥിയായാൽ കുടുംബവാഴ്ച എന്ന വിമർശനത്തിനുള്ള മറുപടിയാണ് ജോസ് ടോമിന്റെ സ്ഥാനാർത്ഥിത്വം. ചിഹ്നം മാണിയെന്നത് രണ്ടില ചിഹ്നം ഇല്ലാതാക്കിയവർക്ക് കുറിക്കുകൊള്ളുന്ന മറുപടിയാണെന്നും പ്രതിച്ഛായ വ്യക്തമാക്കുന്നു.

ഇത് ആദ്യമായല്ല പ്രതിച്ഛായ പി.ജെ ജോസഫിനെ വിമർശിക്കുന്നത്. അതേസമയം പാലായിൽ ഇന്നലെ നടന്ന യു.ഡി.എഫ് കൺവൻഷനിൽ പി.ജെ.ജോസഫിനെ ജോസ് വിഭാഗം കൂകിവിളിച്ചിരുന്നു. ഇത് ആസൂത്രിതമെന്ന ആരോപണവുമായി ജോസഫ് വിഭാഗം രംഗത്തെത്തി. യു.ഡി.എഫ് കൺവീനറുടെ ആവശ്യപ്രകാരമാണ് പി.ജെ ജോസഫ് കൺവൻഷനിൽ പങ്കെടുത്തത്. എന്നാൽ വിളിച്ചുവരുത്തി അപമാനിക്കുന്ന തരത്തിലായി കാര്യങ്ങൾ. മദ്യം കൊടുത്ത് ജോസ് വിഭാഗം ആളെ ഇറക്കിയെന്നാണ് ആരോപണം.

ജോസഫിനെതിരെ വടാപോടാ വിളി നടത്തിയതായും ആരോപണമുണ്ട്. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് നഷ്ടമായതോടെ ജോസ്, ജോസഫ് വിഭാഗം അകൽച്ച വർദ്ധിച്ചു. പാലായിലെ കൂകിവിളി സംഭവത്തോടെ ഭിന്നത രൂക്ഷമാകുകയും ചെയ്തു. ഇതോടെ കേരളാകോൺഗ്രസ് എമ്മിൽ പിളപ്പ് പൂർണമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.