കോതമംഗലം: രാജവെമ്പാലയ്‌ക്ക് കരിമൂർഖനെ ഭക്ഷണമായി നൽകിയാൽ എങ്ങനെയിരിക്കും? കേൾക്കുന്നവരുടെ ഉത്തരങ്ങൾ നിരവധിയാകാമെങ്കിലും സംഭവത്തിന് സാക്ഷികളായ തട്ടേക്കാട് സലിം അലി പക്ഷി സങ്കേതത്തിലെ ജീവനക്കാർക്ക് ഉത്തരം ഒന്നേയുള്ളൂ. കരിമൂർഖൻ ദിവംഗതനായി എന്ന ഉത്തരം. 13 അടി നീളവും അതിനൊത്ത വലിപ്പവുമുള്ള കരിങ്കൂടൻ എന്ന വർഗത്തിൽപ്പെട്ട രാജവെമ്പാലയ്‌ക്കാണ് മൂർഖനെ ഭക്ഷണമായി നൽകിയത്.
വനം വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് പാമ്പ് പിടിത്തത്തിൽ വിദഗ്ദ്ധനായ കെ.വി സ്റ്റീഫനാണ് മൂർഖനെ ആഹാരമായി നൽകിയത്. രാജവെമ്പാലയുടെ മുന്നിൽപ്പെട്ട മൂർഖൻ ജീവഭയം കൊണ്ട് പത്തി വിടർത്തി ചീറ്റുകയും കൊത്താൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും അതെല്ലാം വിഫലമായി. മൂർഖന്റെ തലയിൽ തന്നെ പിടിച്ച് നിമിഷനേരംകൊണ്ട് വിഴുങ്ങുകയായിരുന്നു.
ഭൂതത്താൻകെട്ട് ബോട്ട് ജെട്ടിക്ക് സമീപത്തുനിന്നും പിടികൂടിയ പാമ്പിനെയാണ് ഇപ്പോൾ തട്ടേക്കാട് നിരീക്ഷണത്തിനായി പാർപ്പിച്ചിരിക്കുന്നത്. പുതിയ അതിഥിയെ കാണാൻ സന്ദർശക പ്രവാഹമാണ്. രണ്ടാഴ്ചത്തെ നിരീക്ഷണത്തിനു ശേഷം ഉൾക്കാട്ടിലേക്ക് പാമ്പിനെ തുറന്നു വിടും. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തട്ടേക്കാടിൽ നിന്നും നിരവധി ജീവികളെ തുറന്ന് വിട്ടിരുന്നു. പിന്നീട് പടിപടിയായി പക്ഷി മൃഗാദികളെ തട്ടേക്കാട് കൊണ്ടുവരികയായിരുന്നു. ഇപ്പോൾ നിരവധി മയിലുകളും, പെരുമ്പാമ്പുകളും, സിംഹവാലൻ കുരങ്ങും , ആമയും നിരവധി അലങ്കാര മത്സ്യങ്ങളും ഉൾപ്പെടെ സന്ദർശകർക്ക് കാഴ്ചയൊരുക്കുകയാണ് സലിം അലി പക്ഷി സങ്കേതം. പക്ഷി സങ്കേതത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വിവിധ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണന്ന് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി.എ ജലീൽ കേരള കൗമുദി ഫ്ളാഷിനോട് പറഞ്ഞു.