ഒരു രൂപയ്ക്ക് ഇഡ്ഡലിയും ചട്നിയും സാമ്പാറും കിട്ടുന്നൊരു സ്ഥലമുണ്ട്. ഒരു രൂപയ്ക്കോ? നിങ്ങൾക്കെന്താ വട്ടുണ്ടോ എന്ന് ചോദിക്കാൻ വരട്ടെ. കമലത്താളിന്റെ കടയിൽ ഒരു രൂപ മതി ഇത്രയും സാധനങ്ങൾക്ക്. 80 വയസുകാരിയായ കമലത്താൾ കഴിഞ്ഞ 30 വർഷമായി ഇഡ്ഡലി കച്ചവടം നടത്തിവരികയാണ്.
പത്ത് വർഷം മുമ്പ് വരെ 50 പൈസയായിരുന്നു ഇഡ്ഡലിയുടെ വില. വില കൂട്ടാൻ ഉപഭോക്താക്കൾ വരെ ആവശ്യപ്പെടുന്നുണ്ടെങ്കിൽ മുത്തശ്ശി തയ്യാറല്ല. അതിനൊരു കാരണവും ഈ മുത്തശ്ശി പറയുന്നു. കമലത്താളിന്റെ സ്വദേശമായ വാദിവലമ്പാലയത്തിലെ ഭൂരിഭാഗം ആളുകളും തുച്ഛമായ വരുമാനമുള്ളവരാണ്. 15-20 രൂപ അവർക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ലെന്ന് മുത്തശ്ശി പറയുന്നു.
രുചികരമായ ഇഡ്ഡലി ഉണ്ടാക്കുന്നത് വീട്ടിൽത്തന്നെയാണ്. ഇഡ്ഡലി ഉണ്ടാക്കാനായി തലേ ദിവസം വൈകീട്ട് ആറ് കിലോ അരിയും ഉഴുന്നും അരച്ച് വയ്ക്കും. തുടർന്ന് അതിരാവിലെ ജോലി ആരംഭിക്കും. ഒരു ദിവസം ഏകദേശം 1000ഇഡ്ഡലി വരെ കമലത്താൾ ഉണ്ടാക്കും. ഇഡ്ഢലി വിളമ്പുന്നതിലുമുണ്ട് പ്രത്യേകത. പ്ലേറ്റിലല്ല മറിച്ച് ചൂടുള്ള ഇഡ്ഡലി തേക്കിന്റെ ഇലയിലോ ആലിലയിലോ ആണ് കിട്ടുക.