തിരുവനന്തപുരം: പച്ചക്കറിക്കും നിത്യോപയോഗ സാധനങ്ങൾക്കും വിലവർദ്ധിച്ചതോടെ വലയുന്ന ജനങ്ങളുടെ നടുവൊടിക്കാൻ മിൽമ പാലിന്റെ വിലയും വർദ്ധിപ്പിച്ചു. മിൽമയുടെ എല്ലാ ഇനം പാലിനും നാല് രൂപ വീതമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതിൽ 3 രൂപ 52 പൈസയും കർഷകർക്ക് തന്നെ തിരികെ നൽകും. മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. കാലിത്തീറ്റവില വർദ്ധനയ്‌ക്കനുസരിച്ച് സബ്‌സിഡി കൂട്ടാനാകില്ലെന്ന് സർക്കാർ നിലപാടെടുത്തതോടെ എല്ലാ തരം പാലുകൾക്കും ഏഴ് രൂപ വീതം വർദ്ധിപ്പിക്കണമെന്ന് മിൽമ സമിതി സർക്കാരിനോട് ശുപാർശ ചെയ്‌തിരുന്നു. എന്നാൽ ജനരോക്ഷം ഉണ്ടാകുമെന്നതിനാൽ ഓണത്തിന് മുമ്പ് വിലവർദ്ധന നടപ്പാക്കില്ലെന്നായിരുന്നു വിലയിരുത്തൽ.
അതേസമയം, പുതിയ തീരുമാനത്തോടെ രാജ്യത്ത് പാലിന് ഏറ്റവും കൂടുതൽ വില ഈടാക്കുന്ന സംസ്ഥാനമെന്ന ഖ്യാതിയും കേരളം നിലനിറുത്തി. ഇപ്പോൾ ലിറ്ററിന് 46 മുതൽ 48 രൂപ വരെയാണ് കേരളത്തിലെ പാൽവില. തമിഴ്‌നാട്ടിൽ ലിറ്ററിന് 21 രൂപയേ ഉള്ളൂ. 2017 ലാണ് അവസാനം പാൽ വില കൂട്ടിയത്. അന്ന് ലിറ്ററിന് നാലുരൂപ കൂട്ടിയപ്പോൾ 3.35 രൂപയാണ് കർഷകന് നൽകിയത്. പാൽ വില വർദ്ധിച്ചതോടെ നെയ്യ്, വെണ്ണ അടക്കമുള്ള പാൽഉത്പന്നങ്ങൾക്കും വില കൂടും.
കൂട്ടിയില്ലെങ്കിൽ കർഷകൻ ദുരിതത്തിൽ
കാലിത്തീറ്റയുടെയും പിണ്ണാക്കിന്റെയും വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്ന കർഷകർക്ക് കാലിവളർത്തൽ പ്രോത്സാഹനപദ്ധതി (മിൽക്ക്ഷെഡ് ഡെവലപ്മെന്റ് പ്രോഗ്രാം) പ്രകാരം സർക്കാർ സബ്‌സിഡി നൽകുന്നുണ്ട്. ഇതിൽ അംഗമല്ലാത്തവർക്ക് ഈ ആനുകൂല്യമില്ല. ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് ഒരു ചാക്ക് തീറ്റയ്‌ക്ക് 100 രൂപ മിൽമ നൽകുന്ന സബ്‌സിഡിയാണ് ആകെ ആശ്വാസം. തീറ്റവില കുത്തനെ കൂടുന്നതിനാൽ ഇത് ഒന്നുമാകില്ല. ഒരു മാസത്തിനിടെ കേരളഫീഡ്സ്, മിൽമ തീറ്റകൾക്ക് ചാക്കിന് 120 -130 രൂപ വരെ കൂടിയതാണ് ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കിയത്. പാൽ വില കൂട്ടാതെ കർഷകനെ സഹായിക്കാൻ പുതിയ പദ്ധതികൾ തയ്യാറാക്കി പ്രതിസന്ധി പരിഹരിക്കാൻ കഴിയുമായിരുന്നു എന്നാണ് വിദഗ്‌ദ്ധ പക്ഷം.