മഹാപ്രളയത്തിന്റെ ഒന്നാം വാർഷികത്തിന് പ്രകൃതി വീണ്ടും സംഹാരതാണ്ഡവമാടുന്ന കാഴ്ചയാണ് കാണാനായത്. വടക്കൻകേരളത്തെയാണ് ഇക്കുറി പ്രളയം കൂടുതൽ ബാധിച്ചത്. ഇവിടെ നിരവധി ഇടങ്ങളിലാണ് ഉരുൾപൊട്ടലുകളുണ്ടായത്. അനധികൃത ക്വാറികളുടെ പ്രവർത്തനങ്ങളും വനനശീകരണവും കാരണമാണ് രണ്ടാം പ്രളയത്തിന് കാരണമായി തീർന്നതെന്ന് കണക്കാക്കുന്നത്.
കവളപ്പാറയിലും പുത്തുമലയിലും ടൺകണക്കിന് ചെളിയാണ് മലയിടിഞ്ഞ് താഴാവാരത്തേയ്ക്ക് ഇരച്ചിറങ്ങിയത്. മലനിരകളിൽ പ്രവർത്തിക്കുന്ന ക്വാറികളിൽ പാറപൊട്ടിക്കുമ്പോൾ ഉണ്ടാവുന്ന പ്രകമ്പനങ്ങൾ ഉരുൾപൊട്ടലിന് കാരണമായി തീരുകയാണ്. നിയന്ത്രണമില്ലാതെ പ്രവർത്തിക്കുന്ന ക്വാറികൾ നിരവധിയാണ് പശ്ചിമഘട്ടനിരകളിലുള്ളത്. പ്രകൃതി സംരക്ഷണത്തിനായി നിരവധി ഗവേഷണങ്ങളും പഠനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും പഠനശേഷമുള്ള റിപ്പോർട്ടുകൾ സർക്കാർ ഫയലുകളിൽ പൊടിപിടിച്ചിരിക്കാനാണ് വിധി.