റോഡുകളിലെ കുഴികൾ മൂലം നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. റോഡുകളുടെ ശോചനീയവസ്ഥയ്ക്കെതിരെ നിരവധിപേർ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഇതുവരെ പ്രശ്നത്തിന് പരിഹാരമായിട്ടില്ല. ഇപ്പോഴിതാ വ്യത്യസ്ത രീതിയിലൊരു പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫോട്ടോഗ്രാഫർ അനുലാൽ.
കൊച്ചിയിലെ പൊട്ടിപ്പൊളിഞ്ഞ റോഡിൽ അത്തപ്പൂക്കളമിടുന്ന സുന്ദരിയാണ് ചിത്രത്തിലുള്ളത്. മോഡൽ നിയ ശങ്കരത്തിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. പനമ്പള്ളി നഗറിൽ ഇന്നലെ വൈകീട്ടായിരുന്നു ഫോട്ടോഷൂട്ട്. അനുലാൽ തന്നെയാണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ക്യാമറ കണ്ണുകളിലൂടെ എന്റെ പ്രതിഷേധം റോഡിൽ പൂകുളം' എന്ന ക്യാപ്ഷനും ചിത്രത്തിന് നൽകിയിട്ടുണ്ട്. ചിത്രം വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.
കഴിഞ്ഞ രണ്ട് വർഷമായി മോഡലിംഗ് രംഗത്ത് സജീവമാണ് നിയ. രണ്ട് തമിഴ് സിനിമകളിൽ അഭിനയിച്ച താരം മലയാളത്തിലോട്ടും കാലെടുത്ത് വച്ചിരിക്കുകയാണ്. ഈ മാസാവസാനം ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുമെന്ന് നിയ പറഞ്ഞു.
കൊച്ചിയിലെ റോഡുകൾ നന്നാക്കാത്തതുകൊണ്ട് ഹൈക്കോടതി സർക്കാരിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.