ന്യൂഡൽഹി: ഐ.എസ്.ആർ.ഒയുടെ റോക്കറ്റ് പരീക്ഷണങ്ങളെല്ലാം വിജയകരമായി പൂർത്തിയാകുമ്പോൾ എന്നും കേൾക്കുന്ന ഒരു ആക്ഷേപമാണ് 'ഇത് കൊണ്ട് രാജ്യത്തിന്റെ പട്ടിണി മാറില്ലല്ലോ' എന്ന്. സാമ്പത്തിക മാന്ദ്യവും പട്ടിണിയും രോഗങ്ങളും കൊണ്ട് ആളുകൾ ബുദ്ധിമുട്ടുമ്പോൾ എന്തിനാണ് കോടികൾ ചെലവഴിച്ച് റോക്കറ്റുകളും കൃത്രിമ ഉപഗ്രങ്ങളും വിക്ഷേപിക്കുന്നതെന്നാണ് ഇക്കൂട്ടരുടെ ചോദ്യം. ബഹിരാകാശ ഗവേഷണ രംഗത്ത് ഉപയോഗിക്കുന്ന പണം കൊണ്ട് മറ്റെന്തെങ്കിലും കാര്യങ്ങൾ നടത്തിക്കൂടേ എന്നും ഇക്കൂട്ടർ ചോദിക്കുന്നു. എന്നാൽ ബഹിരാകാശ രംഗത്ത് നിന്നും ഇന്ത്യയ്‌ക്ക് കോടികളുടെ ലാഭമാണ് ലഭിക്കുന്നതെന്ന് എത്രപേർക്ക് അറിയാം.
പരീക്ഷിക്കുന്ന റോക്കറ്റുകളെല്ലാം കടലിലേക്ക് കൂപ്പുകുത്തുന്ന ഒരു കാലം ഐ.എസ്.ആർ.ഒ.യ്ക്ക് ഉണ്ടായിരുന്നു. അത് ഒരുതരം തമാശവരെയായി പ്രചരിച്ചു. യുവാക്കൾക്ക് ബഹിരാകാശം ഇഷ്ടമല്ലാതായി മാറിയെന്നതാണ് അതിന്റെയെല്ലാം ഫലം. ചൊവ്വയിലേക്ക് ഇന്ത്യ പര്യവേഷണപേടകമയച്ചപ്പോൾ കാളവണ്ടി ഓടിച്ചുനടക്കുന്നവന്റെ അഹങ്കാരമെന്നാണ് പാശ്ചാത്യമാധ്യമങ്ങൾ പരിഹസിച്ചത്. റോക്കറ്റ് വിട്ടാൽ കടലിൽ പോയിരുന്ന കാലം മാറി. ഇന്ന് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പേടകങ്ങളയക്കുന്ന വൻകിട ഗവേഷണസ്ഥാപനമാണ് ഐ.എസ്.ആർ.ഒ. ലോകമെമ്പാടുമുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഉപഗ്രഹങ്ങളയക്കാൻ കഴിയുന്ന ഏക സ്ഥാപനവും ഐ.എസ്.ആർ.ഒയാണ്. ലോകത്ത് ഏറ്റവുമധികം വാണിജ്യവിക്ഷേപണങ്ങൾ നടത്തുന്നത് ഇന്ത്യയാണ്. നാളത്തെ ദൗത്യം കൂടി വിജയിക്കുന്നതോടെ റഷ്യയ്ക്കും അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിൽ ചന്ദ്രനിൽ പേടകം ഇറക്കുന്ന നാലാമത്തെ ബഹിരാകാശ ശക്തിയായി ഇന്ത്യമാറും.
എന്തിനാണ് ഇന്ത്യ ചന്ദ്രനിലേക്ക് പോകുന്നത്
അറുപത് വർഷങ്ങൾക്ക് മുമ്പ് റഷ്യ ചന്ദ്രനിൽ ഒരു പേടകം ഇറക്കി. അൻപത് വർഷങ്ങൾക്ക് മുമ്പ് അമേരിക്കക്കാർ ചന്ദ്രനിലിറങ്ങി അവിടെ നിന്ന് മണ്ണും കല്ലും ഭൂമിയിലെത്തിച്ചു. ഇനി എന്തിനാണ് ഇന്ത്യ പേടകവുമായി ചന്ദ്രനിലേക്ക് പോകുന്നത്, അങ്ങിനെ പോയാൽ തന്നെ അതിലിത്ര ആഘോഷിക്കാനെന്തിരിക്കുന്നുവെന്നും മറ്റും ചിന്തിക്കുന്നവരുണ്ടാകാം. എന്നാൽ ഇന്ത്യയും ഐ.എസ്.ആർ.ഒയും ചന്ദ്രനിലേക്ക് പോകുന്നത് തികച്ചും വ്യത്യസ്തമായ രീതിയിലാണ്. ഇന്ത്യയ്ക്ക് അതൊരുമത്സരമല്ല. ആഗോള തലത്തിൽ ഇന്ത്യ ആരുമായും ബഹിരാകാശശാസ്ത്രരംഗത്ത് മത്സരിക്കുന്നില്ല. എല്ലാവരുമായും സഹകരിക്കാൻ മനസ്സുള്ള രാജ്യമായാണ് ലോകം ഇന്ത്യയെയും ഐ.എസ്.ആർ.ഒയേയും കാണുന്നത്. വളരെചെലവുകുറഞ്ഞ രീതിയിലാണ് ഇന്ത്യ ചാന്ദ്രദൗത്യം ചെയ്യുന്നത്. അത് മറ്റാർക്കും കഴിഞ്ഞിട്ടില്ല. ഒരുപക്ഷെ കഴിയുകയുമില്ല.കേവലം 978കോടിരൂപയാണ് ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ചെലവ്. ബഹിരാകാശദൗത്യങ്ങളിൽ അമേരിക്കയും ചൈനയുമായും മറ്റും താരതമ്യം ചെയ്താൽ അവരുടെ ചെലവിന്റെ കാൽശതമാനം പോലും വരില്ല ഈ തുക. ഹോളിവുഡിലെ സിനിമകൾക്ക് പോലും ആയിരം കോടി ചെലവാകുന്ന കാലമാണിത്. നാലുവർഷങ്ങൾക്ക് മുമ്പിറങ്ങിയ ക്രിസ്റ്റഫർ നോളന്റെ ഇന്റർസ്‌റ്റെല്ലാർ സിനിമയ്ക്ക് 1046 കോടിയാണ് ചെലവ്.