മുംബയ്: പുതിയ നോട്ടുകളുടെ വലിപ്പം കുറച്ചതെന്തിനാണെന്ന് ഇന്ത്യക്കാർക്കൊക്കെയുള്ള സംശയമാണ്. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് റിസർവ് ബാങ്ക്. പഴ്സുകളിൽ വയ്ക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണ് നോട്ടുകളുടെ വലിപ്പം കുറച്ചതെന്ന് റിസർവ് ബാങ്ക് ബോംബെ ഹൈക്കോടതിയെ അറിയിച്ചു.
ബോംബെ ഹൈക്കോടതിയിൽ പുതിയ നോട്ടുകളും നാണയങ്ങളും തിരിച്ചറിയാനുള്ള ബുദ്ധിമുട്ടുകൾ വ്യക്തമാക്കി നാഷണൽ അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണക്കവേയാണ് റിസർവ് ബാങ്ക് ഇക്കാര്യം അറിയിച്ചത്.
ഡോളർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കറൻസികൾക്ക് ഇന്ത്യയിലെ നോട്ടുകളേക്കാൾ വലിപ്പം കുറവാണെന്ന് റിസർവ് ബാങ്കിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനായ വി.ആർ ധോങ് കോടതിയിൽ അറിയിച്ചു. ചീഫ്. ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്, ജസ്റ്റിസ് ഭാരതി ദാംഗ്രേ എന്നവരാണ് വാദം കേട്ടത്.
കാഴ്ച വൈകല്യമുള്ളവർക്ക് സൗകര്യപ്രദമായ രീതിയിലാണ് പുതിയ നോട്ടുകൾ രൂപകൽപന ചെയ്തിരിക്കുന്നതെന്നും വി.ആർ ധോങ് കോടതിയിൽ വ്യക്തമാക്കി. കൂടാതെ പഴ്സിൽ വയ്ക്കാവുന്ന തരത്തിലാകുമ്പോൾ നോട്ടുകൾ കീറുന്നതും മുഷിയുന്നതും ഒഴിവാക്കാമെന്നും, വലിപ്പം കുറച്ചുള്ള നോട്ടുനിർമ്മാണം ഉൽപാദനച്ചെലവ് കുറയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം 'നോട്ടുകൾ ഇപ്പോൾ പഴ്സിൽ വയ്ക്കുന്ന തരത്തിലായി. ഇനി പഴ്സ് വയ്ക്കാവുന്ന തരത്തിൽ പോക്കറ്റുണ്ടാക്കും. അങ്ങനെ വസ്ത്രത്തിന്റെ ഡിസൈനർ തീരുമാനിക്കുന്ന രീതിയിലാകും നോട്ടുകളുടെ ആകൃതി'യെന്ന് ചീഫ് ജസ്റ്റിസ് വിമർശിച്ചു.