കോഴിക്കോട്: സി.പി.എം ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനുമായുള്ള ഫോൺ സംഭാഷണ വിവാദത്തിൽ കളമശേരി എസ്.ഐ അമൃത് രംഗനെ വിമർശിച്ച യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യർക്കെതിരെ നടപടിയെടുക്കാൻ ബി.ജെ.പി നേതൃത്വത്തിന് മേൽ സമ്മർദ്ദം. സംഭാഷണം ഫോണിൽ റെക്കാഡ് ചെയ്ത് പുറത്തുവിട്ടതിലൂടെ അമൃത് രംഗൻ സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചതാണ് വിവാദമായത്.
എന്ത് ധൈര്യത്തിലാണ് ഇനി ഒരു സാധാരണക്കാരൻ ഏതെങ്കിലും രഹസ്യവിവരം അദ്ദേഹത്തെ വിളിച്ച് കൈമാറുക? എന്ത് ധൈര്യത്തിലാണ് ഇനി പൊതു പ്രവർത്തകർ അദ്ദേഹത്തെ ഫോൺ ചെയ്യുക ? ഫോൺ സംഭാഷണം പുറത്ത് വിടും മുൻപ് അമൃത് രംഗൻ പത്ത് തവണ ആലോചിക്കണമായിരുന്നെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
ഫോൺ വിവാദത്തിൽ പ്രതിരോധത്തിലായ സി.പി.എമ്മിനെ വെള്ളപൂശുന്നതാണ് സന്ദീപിന്റെ നടപടിയെന്നാണ് ആരോപണം. സോഷ്യൽ മീഡിയയിൽ സന്ദീപിനെതിരെ രൂക്ഷവിമർശനമാണ് സംഘപരിവാർ അണികൾ ഉയർത്തുന്നത്. എസ്.ഐയെ പിന്തുണച്ച് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ കെ.പി. പ്രകാശ് ബാബു രംഗത്ത് വരികയും ചെയ്തു.