brothers-day-movie-review

മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായ കലാഭവൻ ഷാജോണിന്റെ സംവിധാന അരങ്ങേറ്റമാണ് ബ്രദേഴ്സ് ഡേ. കോമഡിയിലൂടെ സിനിമയിൽ വേരുറപ്പിച്ച ഷാജോൺ സംവിധായകൻ ആയപ്പോൾ കൈകാര്യം ചെയ്തത് ഒരു ത്രില്ലറാണ്. പ്രിത്ഥ്വിരാജ് നായകനാകുന്ന സിനിമ മറ്റൊരു പ്രിത്ഥ്വിരാജ് ചിത്രമായ അമർ അക്ബർ അന്തോണിയുടെ ശൈലിയിലാണ് നീങ്ങുന്നത്. കുടുംബവും സൗഹൃദവും അതിനിടയിൽ കുറച്ചു തമാശകളുമായി തുടങ്ങുന്ന ചിത്രം ഒടുവിൽ ഗൗരവമേറിയ ഒരു ക്രൈം ത്രില്ലറായാണ് അവസാനിക്കുന്നത്.

brothers-day-movie

റോണി (പ്രിത്ഥ്വിരാജ്) കൊച്ചിയിലെ ഒരു കാറ്ററിംഗ് തൊഴിലാളിയാണ്. ഒരപകടത്തിൽ പെട്ട് ചികിത്സയിൽ കഴിയുന്ന സഹോദരി അയാൾക്കുണ്ട്. പിന്നെ ചില സുഹൃത്തുക്കളും. കാറ്ററിംഗിൽ തന്റെ കൂടെ ജോലി ചെയ്യുന്ന മുന്നയാണ്(ധർമ്മജൻ) റോണിയുടെ സന്തത സഹചാരി. ജോലിക്കിടയിൽ കണ്ടു മുട്ടുന്ന ചാണ്ടിയും ജെമയും അയാളുടെ ജീവിതത്തിലെ അടുപ്പക്കാരാകുന്നു. ഇവരുടെ ചെറിയ സന്തോഷങ്ങളും ഒത്തുചേരലുകളുമായി നീങ്ങുന്ന കഥയുടെ മറുഭാഗത്ത് കൊടുംകുറ്റവാളിയായ പ്രസന്നയുടെ കഥാപാത്രത്തിന്റെ കൃത്യങ്ങളും ചിത്രം കാണിച്ച് പോകുന്നുണ്ട്. ചിലരെ ഭയങ്കരമായി ഉപദ്രവിക്കുന്നുണ്ട് അയാൾ. ലക്ഷ്യം എന്താണെന്ന് വ്യക്തമല്ലെങ്കിൽ കൂടി തന്റെ സമ്പന്നരായ ഇരകളയൊക്കെ അയാൾ ചൂഷണം ചെയ്ത് പണം തട്ടുന്നതും കാണാം. ചിത്രത്തിന്റെ മദ്ധ്യഭാഗത്തോട് അടുത്ത് ചാണ്ടിയുടെ മകളായ സാന്റ (ഐശ്വര്യ ലക്ഷ്മി) കടന്നു വരുന്നു. വില്ലൻ കഥാപാത്രം ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളുമായി എങ്ങനെ ബന്ധമുണ്ടാകുന്നു എന്ന ചോദ്യം ബാക്കിയാക്കി ആദ്യ പകുതി അവസാനിക്കുന്നു.

brothers-day-movie-review

രണ്ടാം പകുതിയിൽ റോണി, ചാണ്ടി, സാന്റ തുടങ്ങി മറ്റു കഥാപാത്രങ്ങളുടെ ജീവിതം വില്ലനായ സൈക്കോ കൊലപാതകിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ചുരുളഴിയും. കൊടുക്രൂരനായ വില്ലന്റെ ചെയ്തികൾ ഒരുപാട് ചോദ്യങ്ങളിലേക്ക് കാണികളെ എത്തിക്കുന്നു. ചിത്രത്തിന്റെ അവസാന ഭാഗത്തോടടുത്ത് ചോദ്യങ്ങൾക്ക് പലതിനും ഉത്തരം ലഭിക്കുമെങ്കിലും പൂർണതയും പഞ്ചുമില്ല എന്ന ചിന്ത പ്രേക്ഷകർക്ക് ഉണ്ടായേക്കാം.

ത്രില്ലർ സിനിമയാണെങ്കിലും തമാശകളും സാഹോദര്യത്തിന്റെ വൈകാര്യതയും അവതരിപ്പിക്കാൻ ചിത്രത്തിൽ ശ്രമിച്ചിട്ടുണ്ട്. എന്നാൽ വലിയ ചിരിയുണർത്തുന്ന തമാശകൾ നന്നേ കുറവാണ്. സ്വാഭാവികതയ്ക്ക് ഏറെ സ്വീകാര്യതയുള്ള ഈ ഒരു കാഘട്ടത്തിൽ ചിത്രത്തിന്റെ പല സന്ദർഭങ്ങളിലും നാടകീയതയുള്ളത് ഏച്ചുക്കെട്ടായി അനുഭവപ്പെട്ടേക്കാം. കുറവുകൾക്കിടയിലും ഒരു ത്രില്ലർ എന്ന നിലയിൽ കാണുന്നവരുടെ മനസിലേക്ക് നിരന്തരം ചോദ്യങ്ങൾ കോരിയിടാൻ കഴിഞ്ഞുവെന്നത് സിനിമയുടെ നല്ല ഘടകമാണ്.

brothers-day-movie-review

സാധാരണക്കാരനായ റോണി എന്ന കഥാപാത്രം പ്രിത്വിരാജ് നന്നായി അവതരിപ്പിച്ചു. കുറച്ചു കാലങ്ങൾക്കു ശേഷമാണ് അദ്ദേഹം ഇത്തരമൊരു കഥാപാത്രം ചെയ്യുന്നത്. സംഘട്ടന രംഗങ്ങളിൽ അസാമാന്യ മെയ്യ് വഴക്കവും പാടവവുമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഐശ്വര്യ ലക്ഷ്മി ചിത്രത്തിന്റെ പ്രധാന സ്ത്രീ കഥാപാത്രമായ സാന്റയിലൂടെ മികച്ചു നിന്നു. വില്ലനായി പ്രസന്ന തിളങ്ങിയിട്ടുണ്ട്. വിജയ രാഘവൻ, ധർമ്മജൻ ബോൾഗാട്ടി, മ‌ഡോണ സെബാസ്റ്റിയൻ, കോട്ടയം നസീർ, പ്രയാഗ മാർട്ടിൻ, മിയ ജോർജ്, വിജയകുമാർ, ശിവജി ഗുരുവായൂർ തുടങ്ങിയവർ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

4മൂസിക്കിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തിന് ഉതകും വിധമാണ്. ജിത്തു ദാമോദറിന്റെ ഛായാഗ്രാഹണം മികച്ചതാണ്.

brothers-day-movie

കുടുംബം, തമാശ, പാട്ട്, ഡാൻസ്, സ്റ്റണ്ട്, ത്രിൽ തുടങ്ങി ഒരു കൊമേഴ്ഷ്യൽ സിനിമയിൽ വേണ്ട ഘടകങ്ങൾ എല്ലാം കൂട്ടിച്ചേർത്ത ഒരു ഫോർമുല സിനിമയാണ് തന്റെ ആദ്യ സിനിമയായ ബ്രദേഴ്സ് ഡേയിലൂടെ കലാഭവൻ ഷാജോൺ ഒരുക്കിയിരിക്കുന്നത്. ചിലയിടത്ത് കൊണ്ടും ചിലയിടത്ത് പാളിയും പോയ സിനിമ ശരാശരി അനുഭവമാണ്. ത്രില്ലർ സിനിമ ഇഷ്ടപ്പെടുന്നവർക്ക് കണ്ടു നോക്കാവുന്നതാണ്.

വാൽക്കഷണം: ഡാർക്ക് ത്രില്ലറിൽ അല്പം ഫീൽ ഗുഡ്

റേറ്റിംഗ്: 2.5/5