shehla

ന്യൂഡൽഹി: പ്രത്യേകപദവി റദ്ദാക്കിയതിന് പിന്നാലെ കാശ്‌മീരിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് ആരോപിച്ചതിന് കാശ്‌മീരിലെ പൊതുപ്രവർത്തകയായ ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. സുപ്രീം കോടതി അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്‌തവയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെല്ലാണ് ഷെഹ്‌ലയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ, 153 എ, 153,504,505 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കാശ്‌‌മീരിന് പ്രത്യേകപദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം സംസ്ഥാനത്ത് സൈന്യം മുന്നറിയിപ്പില്ലാതെ പരിശോധന നടത്തുന്നതായും അകാരണമായി ആളുകളെ പിടിച്ചുകൊണ്ട് പോകുന്നതായും ഷെഹ്‌ല ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ അജൻഡ‌ നടപ്പിലാക്കുന്നതിന് വേണ്ടി രാജ്യത്തെ മനുഷ്യാവകാശങ്ങൾ പോലും ലംഘിക്കപ്പെട്ടതായും ഷെഹ്‌ല ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചാൽ താൻ തെളിവ് നൽകാൻ തയ്യാറാണെന്നും ഷെഹ്‌ല ട്വീറ്റ് ചെയ്‌തിരുന്നു.

എന്നാൽ ഷെഹ്‌‌ലയുടെ ആരോപണം അടിസ്ഥാനരഹിതമെന്നാണ് സൈന്യത്തിന്റെ നിലപാട്. കാശ്‌മീർ വിഷയത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് ഷെഹ്‌ലയ്‌ക്കെതിരെ കേസെടുക്കണമെന്നും ആവശ്യമുയർന്നിരുന്നു. തുടർന്നാണ് സുപ്രീം കോടതി അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്‌തവ പരാതിയുമായി ഡൽഹി പൊലീസിനെ സമീപിച്ചത്. നേരത്തെ കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തിനെതിരെ മുൻ ജെ.എൻ.യു വിദ്യാർത്ഥിനി കൂടിയായ ഷെഹ്‌ല റാഷിദ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.