ചന്ദ്രയാൻ 2 ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങേണ്ട അവസാനത്തെ പതിനഞ്ച് മിനിട്ടുകളെ ''ഭീകരമായ 15 നിമിഷങ്ങൾ'' എന്നാണ് ഐ. എസ്. ആർ. ഒ ചെയർമാൻ ഡോ. കെ. ശിവൻ വിശേഷിപ്പിച്ചത്. ഉൾക്കിടിലത്തോടെ മാത്രമേ അത്രയും സമയം ശാസ്ത്രജ്ഞർക്ക് കഴിയാനാവൂ എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. അത്രയേറെ സങ്കീർണമായ പ്രക്രിയയാണത്. പേടകത്തെ മെല്ലെ മെല്ലെ ഇറക്കുന്ന സോഫ്റ്റ് ലാൻഡിംഗ് എന്ന സങ്കേതം. അമേരിക്കയും റഷ്യയും ചൈനയും മാത്രം കൈവരിച്ച നേട്ടം.
ചന്ദ്രന്റെ ഗുരുത്വാകർഷണത്തിൽ പേടകം അതിവേഗം താഴേക്ക് പതിച്ച് ഇടിച്ച് ഇറങ്ങുന്നത് ഒഴിവാക്കാനാണ് സോഫ്റ്റ് ലാൻഡിംഗ്. താഴേക്ക് പതിക്കുന്ന ഒരു ചില്ല് പാത്രം കൈകൊണ്ട് താങ്ങി സാവധാനം നിലത്ത് വയ്ക്കുന്നതുപോലെ വേണം വിക്രം ലാൻഡറിനെ ഇറക്കേണ്ടത്. ചന്ദ്രന്റെ ഗുരുത്വ ബലം പേടകത്തെ താഴേക്ക് വലിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ ഒരു കൈത്താങ്ങ് പോലെ അടിയിലുള്ള അഞ്ച് ത്രസ്റ്ററുകൾ ജ്വലിക്കും. അവയിൽ നാലെണ്ണം ലാൻഡറിന്റെ കാലുകളുടെ ചുവട്ടിലും ഒന്ന് മദ്ധ്യത്തിലും. താഴേക്ക് പതിക്കുന്ന ലാൻഡറിനെ ത്രസ്റ്ററുകൾ മുകളിലേക്ക് തള്ളും. അങ്ങനെ ഇറങ്ങുമ്പോഴാണ് ബന്ധം നഷ്ടമായത്.
അവസാന നിമിഷം ഇങ്ങനെ
ഇന്നലെ പുലർച്ചെ ലാൻഡറിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കാൻ വൈകിയത് ശാസ്ത്രജ്ഞരിൽ നിരാശ പടർത്തി. തുടർന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചു. എന്നാൽ ഇതിനിടെ സന്ദേശങ്ങൾ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന വിവരം പുറത്തുവന്നെങ്കിലും ഏറെ വൈകാതെ ആ പ്രതീക്ഷയും നഷ്ടമായി.ഇതോടെ രാജ്യം ഉറ്റുനോക്കിയ ചന്ദ്രയാന്-2 സോഫ്റ്റ് ലാൻഡിംഗ് സംബന്ധിച്ച് അനിശ്ചിതത്വം തുടർന്നു. പിന്നീട് ഐ.എസ്.ആർ.ഒ. ചെയർമാൻ കെ.ശിവൻ ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഔദ്യോഗികമായി അറിയിച്ചു. ലാൻഡറിൽനിന്ന് അവസാനം ലഭിച്ച സന്ദേശങ്ങൾ വിശകലനം ചെയ്ത് പേടകം എവിടെയാണെന്ന് കണ്ടുപിടിക്കുമെന്നും വിവരങ്ങൾ കണ്ടെത്താൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സോഫ്റ്റ് ലാൻഡിംഗിന്റെ ആദ്യഘട്ടങ്ങൾ വിജയകരമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.ലാൻഡറിൽ നിന്നുള്ള ആശയവിനിമയം നഷ്ടപ്പെട്ടതിൽ നിരാശരായ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്രമോദി ആശ്വസിപ്പിച്ചു. പരാജയത്തിൽ നിരാശപ്പെടേണ്ടെന്നും നമ്മൾ ഈ ദൗത്യത്തിൽ വിജയിക്കുമെന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞരോട് പറഞ്ഞു. തുടർന്ന് വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗ് കാണാനെത്തിയ വിദ്യാർത്ഥികളുമായും പ്രധാനമന്ത്രി സംസാരിച്ചു. ഇതിനുശേഷമാണ് അദ്ദേഹം ഐ.എസ്.ആർ.ഒ. കേന്ദ്രത്തിൽ നിന്ന് മടങ്ങിയത്.