latha

ന്യൂഡൽഹി: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറെ രാഷ്ട്രപുത്രിയായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കും. ഇന്ത്യൻ സിനിമാപിന്നണിഗാനരംഗത്ത് ഏഴു പതിറ്റാണ്ടുകളായി നൽകി വരുന്ന സംഭാവനകൾ പരിഗണിച്ചാണിത്.

മങ്കേഷ്കറുടെ 90-ാം പിറന്നാൾ ദിനമായ 28ന് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും.

' പ്രധാനമന്ത്രി ലതാജിയുടെ ശബ്ദത്തിന്റെ ആരാധകനാണ്. രാജ്യത്തിന്റെ ആകെ ശബ്ദമാണ് അവർ പ്രതിനിധാനം ചെയ്യുന്നത്. അതിന് രാഷ്ട്രം നല്‍കുന്ന ആദരവാണ് ഈ പദവി.'- സർക്കാർ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.

ചടങ്ങിൽ അവതരിപ്പിക്കാനായി ഗാനരചയിതാവ് പ്രസൂൺ ജോഷി ഒരു പ്രത്യേക ഗാനവും ഒരുക്കിയിട്ടുണ്ട്.

ഹിന്ദിക്ക് പുറമേ മറാഠി, ബംഗാളി, മലയാളം തുടങ്ങി 36ഓളം പ്രാദേശിക ഭാഷകളിൽ പാടിയിട്ടുണ്ട് ലതാ മങ്കേഷ്കർ. 1989ൽ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചു. 2001ൽ ഭാരതരത്‌നയും. എം.എസ് സുബ്ബലക്ഷ്മിക്കു ശേഷം ഈ പരമോന്നത പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ഗായികയാണ് ലതാ മങ്കേഷ്‌കർ.