പാരിസ്: യൂറോ യോഗ്യതാ മത്സരത്തിൽ പ്രമുഖ ടീമുകളായ സ്‌പെയിനും ഇറ്രലിയും തകർപ്പൻ ജയങ്ങളുമായി മുന്നോട്ട്. ഗ്രൂപ്പ് ജെ യിലെ മത്സരത്തിൽ ഇറ്രലി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അർമേനിയയെ കീഴടക്കി. ഇരട്ടഗോളുമായി കളം നിറഞ്ഞ ആന്ദ്രേയ ബെലോട്ടിയാണ് ഇറ്രലിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്. ലോറൻസോ പെല്ലഗ്രിനിയും ഇറ്രലിക്കായി ലക്ഷ്യം കണ്ടു.
ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മൂന്ന് ഗോൾ തിരിച്ചടിച്ച് ഇറ്രലിയുടെ വിജയം. പതിനൊന്നാം മിനിട്ടിൽ അലക്സാണ്ടർ കരാപെത്യാന്റെ ഗോളിൽ അർമേനിയയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ ഒന്നാം പകുതിയുടെ അധിക സമയത്ത് കരാപെത്യാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് അർമേനിയയ്ക്ക് തിരിച്ചടിയായി. പിന്നീട് പത്ത് പേരുമായാണ് അർമേനിയ മത്സരം പൂർത്തിയാക്കിയത്. 28,77 മിനിട്ടുകളിലായിരുന്നു ബെലോട്ടി ഗോൾ നേടിയത്. 77-ാം മിനിറ്രിലായിരുന്നു പെല്ലഗ്രിനിയുടെ ഗോൾ. 5 മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി ഇറ്രലിയാണ് ഗ്രൂപ്പിൽ മുന്നിൽ. 12 പോയിന്റുള്ള ഫിൻലൻഡാണ് രണ്ടാം സ്ഥാനത്ത്. ഗ്രൂപ്പ് എഫിലെ മത്സരത്തിൽ പത്ത് പേരായി ചുരുങ്ങിയിട്ടും സ്‌പെയിൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റൊമാനിയയെ കീഴടക്കി. സെർജിയോ റാമോസ് (പെനാൽറ്റി), പാക്കോ അൽക്കാസർ എന്നിവരാണ് സ്‌പെയിനിനായി ഗോൾ നേടിയത്. ഫ്ലോറിൻ ആൻഡോൺ റൊമാനിയയ്ക്കായി ഒരു ഗോൾ മടക്കി. 79-ാം മിനിട്ടിൽ ഡിയാഗോ ലോറന്റെ ചുവപ്പ് കാർഡ് കണ്ടതിനെ തുടർന്നാണ് സ്പെയിന് പത്ത് പേരുമായി കളി പൂർത്തിയാക്കേണ്ടി വന്നത്. ഗ്രൂപ്പ് എഫിൽ 15 പോയിന്റുമായി സ്‌പെയിൻ യോഗ്യതയ്ക്ക് അടുത്തെത്തി.
ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ രണ്ടാം സ്ഥാനത്തുള്ള ഡെൻമാർക്ക് അവസാനത്തെ സ്ഥാനത്തുള്ള ജിബ്രാൾട്ടറിനെ മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക് കീഴടക്കി. ക്രിസ്റ്റ്യൻ എറിക്സൺ ഡെൻമാർക്കിനായി പെനാൽറ്രിയിൽ നിന്നുൾപ്പെടെ 2 ഗോളുകൾ നേടി.ഗ്രൂപ്പിലെ മറ്രൊരു മത്സരത്തിൽ ഒന്നാം സ്ഥാനത്തുള്ള അയർലൻഡ് മൂന്നാം സ്ഥനത്തുള്ള സ്വിറ്റ്‌സർലൻഡിനോട് 1-1ന്റെ സമനിലയിൽ കുടുങ്ങി.