waterkiyosk

പത്തനംതിട്ട: പമ്പയിൽ ദേവസ്വം ബോർഡ് നിർമ്മിക്കുന്ന വാട്ടർ കിയോസ്‌കുകളുടെ കോൺക്രീറ്റ് തൂണുകൾ തകർത്തതിനെ തുടർന്ന് വനംവകുപ്പുമായി വീണ്ടും ബോർ‌ഡ് ഏറ്റുമുട്ടലിലേക്ക്. തൂണുകൾ തകർത്തത് വനംവകുപ്പാണെന്ന് ആരോപിച്ച് ബോർഡ് നിയമനടപടിക്ക് ഒരുങ്ങുകയാണ്. വിഷയം ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഹൈക്കോടതിയെയും അറിയിക്കും. ശബരിമലയിലെ ബോർഡിന്റെ നിർമ്മാണ പ്രവർത്തനത്തിന് വനംവകുപ്പ് സ്ഥലം വിട്ടുകൊടുക്കാത്തതിന്റെ പേരിൽ ഇരുവിഭാഗവും ഇടഞ്ഞുനിൽക്കുന്നതിനിടെയാണ് ഈ സംഭവം.

തൂണുകൾ തകർത്തത് തങ്ങളാണെന്ന ആരോപണം വനംവകുപ്പ് നിഷേധിച്ചു. തീർത്ഥാടന കാലത്ത് കടകൾക്കായി വിട്ടുനൽകിയ സ്ഥലത്ത് കോൺക്രീറ്റ് നിർമ്മാണം നടത്തുന്നതിനോട് നേരത്തെ എതിർപ്പ് അറിയിച്ചിരുന്നതായും അധികൃതർ പറഞ്ഞു.

പമ്പയിൽ നിന്ന് വനത്തിനുള്ളിലൂടെ സന്നിധാനത്തേക്ക് റോപ് വേ നിർമ്മിക്കുന്നതടക്കം വലിയ പദ്ധതികൾ, വനംവകുപ്പ് സ്ഥലം വിട്ടുകൊടുക്കാത്തതിന്റെ പേരിൽ മുടങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ വർഷത്തെ പ്രളയ സമയത്ത് പമ്പയിൽ അടിഞ്ഞുകൂടിയ മണൽ ദേവസ്വം ബോർഡിന്റെ നിർമ്മാണങ്ങൾക്ക് സൗജന്യമായി വിട്ടുനൽകണമെന്ന മന്ത്രിസഭാ തീരുമാനവും നടപ്പായില്ല. പാസുമായി ചെന്നിട്ടും വനപാലകർ മണൽ വിട്ടുകൊടുത്തില്ലെന്ന് ദേവസ്വം ബോർഡ് ആരോപിച്ചിരുന്നു.

വനംമന്ത്രിക്ക് ധിക്കാരമെന്ന്

ദേവസ്വം ബോർഡ് പ്രസിഡന്റ്

ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ ആലോചിക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ വനംവകുപ്പ് മന്ത്രി കെ.രാജു പങ്കെടുക്കാതിരുന്നത് ധിക്കാരമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു.

ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്കെല്ലാം വനംവകുപ്പ് തടസം നിൽക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പമ്പയിൽ വാട്ടർ കിയോസ്കിന്റെ കോൺക്രീറ്റ് തൂണുകൾ തകർത്തത്. ശബരിമലയെ വനംവകുപ്പിന്റെ നിയന്ത്രണത്തിലാക്കാനുളള ഗൂഢാലോചന നടക്കുകയാണെന്ന് പത്മകുമാർ ആരോപിച്ചു.

ബോർഡിന്റെ ഇഷ്ടത്തിന്

കാര്യങ്ങൾ പറ്റില്ല: മന്ത്രി

ശബരിമലയിൽ ദേവസ്വം ബോർഡിന്റെ ഇഷ്‌ടാനുസരണം കാര്യങ്ങൾ നടത്തിക്കൊടുക്കാൻ കഴിയില്ലെന്ന് മന്ത്രി കെ.രാജു പറഞ്ഞു. കോൺക്രീറ്റ് തൂണുകൾ തകർത്തത് അന്വേഷിക്കും. ശബരിമലയിൽ നിയമാനുസൃത നിർമ്മാണങ്ങൾ മാത്രമേ അനുവദിക്കൂ.