കേരളം ഇന്ത്യയുടെ ഭാഗമാണെന്നും ജസ്റ്റിസ് അരുൺമിശ്ര ഒാർമ്മപ്പെടുത്തി

ന്യൂഡൽഹി: എറണാകുളം കണ്ടനാട് പള്ളിയിൽ സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായി

യാക്കോബായ വിഭാഗത്തിനും പ്രാർത്ഥനയ്ക്ക് അനുമതി നൽകിയ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ഹരിപ്രസാദിനെയും ഇന്നലെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു.

സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് ഈ ഉത്തരവ്. ഇത് അച്ചടക്കലംഘനമാണ്. അധിക്ഷേപകരമായ ഉത്തരവാണ്. ആരാണ് ഈ ജഡ്ജി. ഇത് തുടർന്നാൽ നടപടിയെടുക്കേണ്ടിവരും. സുപ്രീംകോടതി വിധി മറികടക്കാൻ ഹൈക്കോടതിക്ക് ഒരു അവകാശവുമില്ല. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ജഡ്ജിമാരോട് പറയുന്നുവെന്നും- ജസ്റ്റിസ് അരുൺമിശ്ര വാക്കാൽ പറഞ്ഞു. തുടർന്ന് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

സഭാതർക്ക കേസിലെ ഉത്തരവ് നടപ്പാക്കാത്തതിൽ സംസ്ഥാന സർക്കാരിനെയും അരുൺമിശ്ര വിമർശിച്ചു.

സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കിൽ ചീഫ്സെക്രട്ടറി ജയിലിൽ പോകേണ്ടിവരുമെന്ന് ആവർത്തിച്ച ജസ്റ്റിസ് അരുൺമിശ്ര കേരളം നിയമത്തിന് അതീതരാണോയെന്നും ചോദിച്ചു.

മാർച്ച് എട്ടിലെ ഇടക്കാല ഉത്തരവിനെതിരെ

സെന്റ് മേരിസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് വികാരി ഫാ. ഐസക് മറ്റമ്മേൽ കോർ എപ്പിസ്കോപ്പയാണ്

സുപ്രീംകോടതിയെ സമീപിച്ചത്.

മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികൾ 1934ലെ സഭാ ഭരണഘടനയനുസരിച്ച് ഭരിക്കണമെന്ന് 2017ൽ സുപ്രീംകോടതി വിധിച്ചിരുന്നു. ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമാണ് വിധി.

കട്ടച്ചിറ പള്ളിക്കേസിൽ യാക്കോബായ വിഭാഗം നൽകിയ പുനഃപരിശോധനാഹർജിയും ഇന്നലെ സുപ്രീംകോടതി തള്ളി.