പരവൂർ: കനത്ത മഴയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഓഡിറ്റോറിയം കെട്ടിടത്തിന്റെ ഭിത്തി തകർന്ന് രണ്ടു പാപ്പാൻമാർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് ചെങ്കല്ലും മണ്ണും വീഴുകയായിരുന്നു. കല്ലുവാതുക്കൽ മേവനക്കോണം വയലിൽ തൃക്കോവിൽ ക്ഷേത്രത്തിനു സമീപം മുല്ലിച്ചിരഴികത്ത് (മണിദീപം) ചന്ദ്രൻപിള്ളയുടെ മകൻ രഞ്ജിത്ത് (30), തിരുവനന്തപുരം പാങ്ങോട് ഭരതന്നൂർ കണ്ണംപാറ അംബു ഭവനിൽ മോഹനൻപിള്ളയുടെ മകൻ അരുൺലാൽ (ചന്തു- 32) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന കല്ലറ ചാത്തൻകുളത്ത് പുത്തൻവീട്ടിൽ സിജിയുടെ മകൻ സുധി (24), കിളിമാനൂർ പറക്കോട് വിഷ്ണുവിലാസത്തിൽ തങ്കച്ചന്റെ മകൻ വിഷ്ണു (18), ആറ്റിങ്ങൽ കാട്ടിൽ പുത്തൻവീട്ടിൽ ദിനേശ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരും ആന പാപ്പാന്മാരാണ്.
ഇന്നലെ പുലർച്ചെ 3.30 നായിരുന്നു സംഭവം. പരവൂർ – പാരിപ്പള്ളി റോഡിൽ പുത്തൻകുളം ജംഗ്ഷനിൽ പൂട്ടിക്കിടക്കുന്ന യു.എൻ ഓഡിറ്റോറിയത്തിന്റെ സെല്ലാറിലാണ് ഇവർ ഉറങ്ങാറുള്ളത്. കെട്ടിടത്തിന്റെ പുറത്ത് ഭിത്തിയുടെ വശത്തായി ഉയരം കൂടിയ സ്ഥലത്ത് നാലടി ഉയരത്തിൽ 60 അടിയോളം നീളത്തിൽ കല്ലടുക്കി വച്ചിരുന്നു. കനത്ത മഴയിൽ കല്ലിനടിയിലെ മണ്ണൊലിച്ചു പോയതോടെ കല്ലുകളും മണ്ണിനൊപ്പം സെല്ലാറും ഇടിഞ്ഞു വീണു. മണ്ണിനും കല്ലിനും അടിയിൽപ്പെട്ടാണു രണ്ടു പേരുടെയും മരണം.
ഫയർഫോഴ്സും പൊലീസും ചേർന്ന് ജെ.സി.ബി ഉപയോഗിച്ച് മണ്ണും വെട്ടുകല്ലും മാറ്റിയാണ് മൂന്ന് പേരെ രക്ഷപ്പെടുത്തിയത്. ഏറ്റവും അടിയിൽ അകപ്പെട്ടവരാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിൽ രാവിലെ ഏഴു മണിയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ ലഭിച്ചത്. കൊല്ലം, പരവൂർ, കുണ്ടറ, ചാമക്കട, വർക്കല എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സും പാരിപ്പള്ളി, പരവൂർ സ്റ്റേഷനുകളിലെ പൊലീസുകാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ, ചാത്തന്നൂർ എ.സി.പി ജോർജ് കോശി, ജി.എസ്. ജയലാൽ എം.എൽ.എ, തഹസിൽദാർ ബി.പി. അനി എന്നിവർ സ്ഥലം സന്ദർശിച്ചു. ഉഷാകുമാരിയാണ് രഞ്ജിത്തിന്റെ മാതാവ്. സഹോദരങ്ങൾ: രമ്യ, അക്ഷയ. അരുൺലാലിന്റെ മാതാവ്: ബേബി അമ്മ. സഹോദരൻ: ശ്യാംലാൽ (അമ്പു).