ന്യൂഡൽഹി: രാജ്യത്ത് കൂടുതൽ ചെറു ബാങ്കുകൾക്ക് (സ്‌മാൾ ഫിനാൻസ് ബാങ്ക്) അനുമതി നൽകാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു. ഇതോടൊപ്പം, നിലവിൽ പേമെന്റ്‌സ് ബാങ്കിംഗ് ലൈസൻസുള്ള കമ്പനികൾക്ക് ചെറു ബാങ്കുകളായി മാറാനുള്ള അനുവാദവും നൽകിയേക്കുമെന്നാണ് സൂചന. പേമെന്റ്‌സ് ബാങ്കുകൾ ചെറു ബാങ്കുകളായി മാറിയാൽ ഉപഭോക്താക്കൾക്ക് ചെറുകിട വായ്‌പ ഉൾപ്പെടെ ഒട്ടേറെ സേവനങ്ങൾ നൽകാൻ ഇവയ്ക്ക് കഴിയും.
'എല്ലാവർക്കും ബാങ്കിംഗ് സേവനം" അഥവാ സാമ്പത്തിക ഉൾപ്പെടുത്തൽ (ഫിനാൻഷ്യൽ ഇൻക്ളൂഷൻ) എന്ന കേന്ദ്രസർക്കാരിന്റെ ലക്ഷ്യം കാണുന്നതിന്റെ ഭാഗമായാണ് 2015ൽ റിസർവ് ബാങ്ക് ചെറു ബാങ്ക്, പേമെന്റ്‌സ് ബാങ്ക് ലൈസൻസുകൾ അനുവദിച്ചത്. പേമെന്റ്‌സ് ബാങ്കുകൾക്ക് വായ്‌പ നൽകാനോ ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യാനോ അനുമതിയില്ല. എന്നാൽ, ഒരുലക്ഷം രൂപവരെ നിക്ഷേപം സ്വീകരിക്കാം. ഡെബിറ്റ്/എ.ടി.എം കാർഡുകളും വിതരണം ചെയ്യാം.
എന്നാൽ, തുടക്കകാലം മുതൽ ഉപഭോക്താക്കളിൽ നിന്ന് തണുപ്പൻ പ്രതികരണമാണ് പേമെന്റ്‌സ് ബാങ്കുകൾക്ക് ലഭിച്ചത്. പതിനൊന്ന് പേമെന്റ്‌സ് ബാങ്കിംഗ് ലൈസൻസുകളാണ് റിസർവ് ബാങ്ക് നൽകിയത്. ഇതിൽ എയർടെൽ, പേടിഎം., ഇന്ത്യ പോസ്‌റ്റ് പേമെന്റ്‌സ് ബാങ്ക്, റിലയൻസ് ജിയോ പേമെന്റ്‌സ് ബാങ്ക് എന്നിവ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ചെറു ബാങ്കുകൾക്ക് നിക്ഷേപം സ്വീകരിക്കാനും വായ്പകൾ നൽകാനും അനുമതിയുണ്ട്. ചെറുകിട സംരംഭക (എം.എസ്.എം.ഇ) വായ്‌പകൾ, കാർഷിക വായ്‌പകൾ തുടങ്ങിയവ അനുവദിക്കാം. എവിടെയും ശാഖകളും തുറക്കാം. കേരളത്തിൽ നിന്നുള്ള ഇസാഫ് അടക്കം പത്ത് കമ്പനികൾക്കാണ് റിസർവ് ബാങ്ക് ചെറു ബാങ്കിംഗ് ലൈസൻസ് നൽകിയത്. പുതുതായി ലൈസൻസ് അനുവദിക്കുന്ന നടപടികൾക്ക് എന്നു തുടക്കമാകുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടില്ല.
യു.പി.ഐ ഇടപാടിൽ ആറു മടങ്ങ് വർദ്ധന
യൂണിഫൈഡ് പേമെന്റ്‌സ് ഇന്റർഫേസ് (യു.പി.ഐ) ഇടപാടുകൾ 2018-19ൽ ആറു മടങ്ങ് വർദ്ധിച്ചുവെന്ന് റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട്. റിസർവ് ബാങ്കിന്റെ പ്രവർത്തന കലണ്ടറായ ജൂലായ് - ജൂൺ കാലയളവിൽ 1.09 ലക്ഷം കോടി രൂപയിൽ നിന്ന് 8.77 ലക്ഷം കോടി രൂപയിലേക്കാണ് ഇടപാട് മൂല്യം ഉയർന്നത്. ഇടപാടുകളുടെ എണ്ണം 91.52 കോടിയിൽ നിന്നുയർന്ന് 535.34 കോടിയിലെത്തി.