news

1. ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമ നിര്‍മ്മാണത്തിന് ഒരുങ്ങുന്നു. ശബരിമലയുടെ ഭരണ കാര്യങ്ങളില്‍ ഉള്‍പ്പെടെ നിയമ നിര്‍മ്മാണം കൊണ്ടുവരും. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ഭരണ സംവിധാനവും മാറ്റും എന്നും സര്‍ക്കാര്‍. നിയമ നിര്‍മാണം സംബന്ധിച്ച് തീരുമാനം ആയതായി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.




2. പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസ് പ്രതികളെ വീണ്ടും പരീക്ഷ എഴുതിപ്പിക്കണം എന്ന് ക്രൈംബ്രാഞ്ച്. ഇത് സംബന്ധിച്ച് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി. ചോര്‍ത്തിയ ചോദ്യപേപ്പര്‍ ഉപയോഗിച്ച് വീണ്ടും മാതൃക പരീക്ഷ നടത്തണം എന്ന് ക്രൈംബ്രാഞ്ച്. പ്രതികളെ സഹായിക്കാന്‍ ശ്രമിക്കുന്നവര്‍ കര്‍ശന നിരീക്ഷണത്തില്‍. പ്രതികളെ ജയിലില്‍ സന്ദര്‍ശിക്കുന്നവരെയും നിരീക്ഷിക്കും. ശിവരഞ്ജിത്തിനെയും നസീമിനെയും ആണ് പരീക്ഷ എഴുതിപ്പിക്കുന്നത്. ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 21ാം റാങ്കുമാണ് പി.എസ്.സി പരീക്ഷയില്‍ കിട്ടിയത്.
3. പ്രതികള്‍ക്ക് കോപ്പിയടിക്കാന്‍ സഹായം നല്‍കിയെന്ന് അഞ്ചാം പ്രതിയായ പൊലീസുകാരന്‍ ഗോകുല്‍ സമ്മതിച്ചിരുന്നു. പരീക്ഷ തുടങ്ങിയ ശേഷം ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്നും പി.എസ്.സി പരിശീലന കേന്ദ്രം നടത്തുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെ ഉത്തരങ്ങള്‍ അയച്ചു കൊടുത്തു എന്നും ആയിരുന്നു ഗോകുലിന്റെ മൊഴി. എന്നാല്‍ ചോദ്യപേപ്പര്‍ ആരാണ് ചോര്‍ത്തി നല്‍കിയത് എന്ന് അറിയില്ലെന്നും ഗോകുല്‍ പറഞ്ഞിരുന്നു.
4. അന്വേഷണത്തില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പി.എസ്.സിയുടെ നടപടികള്‍ കാരണമായി എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. പ്രതികള്‍ ഉപയോഗിച്ച മൊബൈലിന്റെ വിശദാംശങ്ങള്‍ പി.എസ്.സി പുറത്തു വിട്ടത് തെളിവുകള്‍ നശിപ്പിക്കാനും, ഒളിവില്‍ പോകാനും പ്രതികളെ സഹായിച്ചു എന്നാണ് ക്രൈംബ്രാഞ്ച് ആരോപിക്കുന്നത്.
5. കാശ്മീരിലെ രാഷ്ട്രീയ പ്രവര്‍ത്തകയും ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവും ആയ ഷെഹ്ല റാഷിദിന് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. 124 എ, 153 എ, 153, 504, 505 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്ത് ഇരിക്കുന്നത്. ഡല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഇരിക്കുന്നത്, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മു കാശ്മീരിലെ സാഹചര്യങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്ന പരാതിയെ തുടര്‍ന്ന്. സുപ്രീംകോടതി അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്ത ആണ് ഷെഹ്ലയ്ക്ക് എതിരെ പരാതി നല്‍കിയത്.
6. കാശ്മീര്‍ താഴ്വരയിലെ സൈന്യത്തിന്റെ റെയ്ഡുകളെ കുറിച്ച് ഷെഹ്ല തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്നും പരാതിയില്‍ പറയുന്നു. കശ്മീരില്‍ ഇന്ത്യന്‍ സൈന്യം വീടുകളില്‍ നിന്നും യുവാക്കളെ പിടിച്ചു കൊണ്ടുപോകുന്നു എന്നും വീടുകളില്‍ അനധികൃതമായി പരിശോധന നടത്തുന്നു എന്നും ഷെഹ്ല ആരോപിച്ചിരുന്നു. ബി.ജെ.പിയുടെ അജണ്ട നടപ്പാക്കാന്‍ കാശ്മീരില്‍ മനുഷ്യാ അവകാശങ്ങള്‍ ലംഘിക്കുന്നു. ഇന്ത്യന്‍ ആര്‍മി അന്വേഷണ കമ്മിഷനെ രൂപീകരിച്ചാല്‍ തെളിവു നല്‍കാന്‍ തയ്യാറാണെന്നും ഷെഹ്ല പറഞ്ഞിരുന്നു.
7. സംസ്ഥാനത്ത് ക്വാറികള്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് ചട്ട ലംഘനം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പട്ടയ ഭൂമിയില്‍ ക്വാറികള്‍ക്ക് അനുമതി നല്‍കാന്‍ 1964-ലെ ഭൂമി പതിവ് നിയമത്തില്‍ ഭേദഗതി വരുത്തിയത് റവന്യൂവകുപ്പിന്റെ അറിവില്ലാതെ. മഹാ പ്രളത്തിന് ശേഷം സര്‍ക്കാര്‍ അനുമതി നല്‍കിയത് 119 ക്വാറികള്‍ക്ക്. പുതിയ ക്വാറികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു എന്നും ചെന്നിത്തല
8. സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത് കേരളം കണ്ട ഏറ്റവും വലിയ അഴിമതിയ്ക്ക്. 48 മണിക്കൂറിനുള്ളില്‍ ഉത്തരവ് ഇറക്കിയതും സംശയം സൃഷ്ടിക്കുന്നു. ഇക്കാര്യത്തില്‍ സി.പി.ഐയും റവന്യൂ മന്ത്രിയും നിലപാട് വ്യക്തമാക്കണം. ക്വാറികള്‍ക്ക് അനുമതി നല്‍കിയതിന്റെ ഫയല്‍ പുറത്തു വിടാന്‍ സര്‍ക്കാര്‍ തയ്യാറാവണം എന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം വേണം എന്നും ചെന്നിത്തല
9. സംസ്ഥാനത്ത് പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. വയനാട്, പാലക്കാട് ജില്ലകളിലെല്ലാം ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് സ്ത്രീ മരിച്ചു. കൊല്ലം പരവൂര്‍ പുത്തന്‍കുളത്ത് കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് രണ്ട് പേര്‍ മരിച്ചു. ആന പരിപാലന കേന്ദ്രത്തിലെ പാപ്പാന്‍മാരായ രഞ്ജിത്ത്,ചന്തു എന്നിവരാണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന കെട്ടിടത്തിലേക്കാണ് മണ്ണിടിഞ്ഞു വീണത്. മൂന്ന് പേരെ രക്ഷപ്പെടുത്തി
10. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ ചിമ്മിനി ഡാം ഇന്ന് തുറക്കും. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ പത്ത് സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. കുറുമാലി,കരുവന്നൂര്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചു. പുഴയില്‍ മത്സ്യ ബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നെയ്യാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നാല് ഷട്ടറുകളും ആറിഞ്ചായി ഉയര്‍ത്തും. നിലവില്‍ നാലിഞ്ചാണ് ഉയര്‍ത്തിയിട്ടുള്ളത്. കഴിഞ്ഞ രാത്രിയില്‍ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ആണ് ലഭിച്ചത്. ഡാമിലെ നീരൊഴുക്കുന്ന നദികളില്‍ ജലപ്രവാഹമുള്ളതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം
11. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് ഒറ്റപ്പെട്ട ശക്തമായ മഴക്ക് കാരണം. ഇന്നലെ ഒറ്റപ്പാലത്താണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. ഈ മാസം ഒമ്പത് വരെയാണ് മഴക്കുള്ള മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദേശിച്ചിട്ടുണ്ട്